യു ഡി എഫുമായി കൈകോർക്കാൻ തയ്യാറെന്ന് പി വി അൻവർ എം എൽ എ

യു ഡി എഫുമായി കൈകോർക്കാൻ തയ്യാറെന്ന് പി വി അൻവർ എം എൽ എ

നിലമ്പൂർ: 20 മണിക്കൂറോളം നീണ്ട ജയിൽ വാസത്തിന് ശേഷം പി വി അൻവർ എം എൽ എ ജാമ്യത്തിൽ പുറത്തിറങ്ങി. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് ജയിൽ മോചിതനായ ശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഒറ്റയാള്‍ പോരാട്ടമല്ല, കൂട്ടായ പോരാട്ടമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അതിന് ആവശ്യമായ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണെന്നും അന്‍വര്‍ വ്യക്തമാക്കി. അറസ്റ്റിന് ശേഷം പിന്തുണയുമായി എത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ന് വൈകിട്ട് 8.30-ഓടെയായിരുന്നു അൻവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഡിഎംകെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അന്‍വറിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് കാത്തുനിന്നു. പുറത്തിറങ്ങിയതോടെ മധുരം നല്‍കി പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. പൊതുസമൂഹം ഉള്‍പ്പെടെ തനിക്കു നല്‍കിയ പിന്തുണയ്ക്ക് ആദ്യം ദൈവത്തോടാണ് നന്ദി അറിയിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും, കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ പിന്തുണയ്ക്കും അന്‍വര്‍ നന്ദി അറിയിച്ചു. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന് തിരിച്ചടിയാണിതെന്നും സര്‍ക്കാര്‍ സ്വന്തം കുഴികുത്തുകയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വനഭേദഗതി നിയമം ക്രൈസ്തവ സമുദായത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്ന് അന്‍വര്‍ ആരോപിച്ചു. വന്യജീവി ശല്യം ജനങ്ങളെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമം നടപ്പിലായാല്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം ലഭിക്കുമെന്ന് അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത് സ്വാഭാവിക വികാരമെന്നു അന്‍വര്‍ വിശദീകരിച്ചു. ഫോറസ്റ്റ് ഓഫീസില്‍ ഉണ്ടായ നാശനഷ്ടം ചെറിയതായിരുന്നുവെന്നും രണ്ട് പ്ലാസ്റ്റിക് കസേര, ട്യൂബ് ലൈറ്റ്, ഫാന്‍ എന്നിവ മാത്രമാണ് തകര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടായിരം രൂപയുടെ നഷ്ടത്തിന് 35,000 രൂപ കെട്ടിവെച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎമ്മിന് സമരം അരോചകമായി തോന്നാമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50,000 രൂപ വീതം രണ്ട് ആള്‍ജാമ്യങ്ങള്‍, ഓരോ ബുധനാഴ്ചകള്‍ക്ക് മധ്യേ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, 35,000 രൂപ നഷ്ടപരിഹാരം നല്‍കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.

അന്‍വറിന്റെ കസ്റ്റഡിക്ക് വേണ്ടിയുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

എടക്കരയിൽ ഒഴുക്കിൽപ്പെട്ട് പത്തുവയസുകാരൻ മരിച്ചു

Sharing is caring!