കേരളത്തെ പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രിയെ പുറത്താക്കണം: രമേശ് ചെന്നിത്തല

കേരളത്തെ പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രിയെ പുറത്താക്കണം: രമേശ് ചെന്നിത്തല

മലപ്പുറം: കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ചാക്ഷേപിച്ച മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ഇയാളെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്രാ പാര്‍ട്ടി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിധീഷ് റാണ രാജി വെക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്.രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ട് വാങ്ങി ജയിച്ചുവെന്നാണ് പറഞ്ഞത്.ലക്ഷക്കണക്കിന് മലയാളികളുടെ കര്‍മ്മമണ്ഡലം കൂടിയാണ് മുംബൈയും മഹാരാഷ്ട്രയും. മഹാരാഷ്ട്രയുടെയും മുംബൈയുടെയും സര്‍വതോന്മുഖമായ പുരോഗതിക്ക് ഈ മലയാളികളും അവകാശികളാണന്ന് അദ്ദേഹം കൂട്ടി ചേർത്തു. കേരളമാകട്ടെ, വിദ്യാഭ്യാസ നിലവാരം കൊണ്ടും ഉയര്‍ന്ന ചിന്ത കൊണ്ടും മറ്റനേകം സോഷ്യല്‍ ഇന്‍ഡിക്കേറ്ററുകളിലെ തിളക്കം കൊണ്ടും ഇന്ത്യയ്ക്കു തന്നെ മാതൃകയായ സംസ്ഥാനമാണ്. അത്തരമൊരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണന്നും അദ്ദേഹം പറഞ്ഞു.

നിതേഷ് റാണെയ്ക്കു ഇത്തരത്തില്‍ മലയാളികളെ ആക്ഷേപിക്കാന്‍ കരുത്തു നല്‍കിയത് സിപിഎം നേതാവ് എ വിജയരാഘവനാണ്. കേരളത്തെ ആകെ മൊത്തം ആക്ഷേപിച്ച് ഇത്തരത്തില്‍ ആദ്യപരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ വാക്കുകള്‍ വല്യേട്ടനായ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെയും മലയാളികളെയും ആക്ഷേപിക്കാനും വര്‍ഗീയമായി വിഭജിക്കാനും സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുന്നു. കേരളത്തെ വര്‍ഗീയ വിഷപ്പറമ്പാക്കി മാറ്റിയാല്‍ മാത്രമേ ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പുള്ളു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിജയരാഘവന്റെ വാക്കുകള്‍ ആവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ,കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്,കെ.പി.സി.സി മെമ്പർമാരായ വി.മധുസൂദനൻ,വി സുധാകരൻ,വി.എസ്.എൻ നമ്പൂതിരി,ഡിസിസി ഭാരവാഹികളായ ഷാജി പച്ചേരി,പി.സി വേലായുധൻ കുട്ടി,യാസർ പൊട്ടച്ചോല,അഷ്‌റഫ്‌ പൊന്നാനി,പി.സി.എ നൂർ,ശശീന്ദ്രൻ മങ്കട,രോഹിൽ നാഥ്,പി.കെ നൗഫൽ ബാബു,ഇ.പി രാജീവ് തുടങ്ങിയവർ സംസാരിച്ചു.

16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 87 വര്‍ഷം കഠിന തടവ്

Sharing is caring!