16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 87 വര്‍ഷം കഠിന തടവ്

16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 87 വര്‍ഷം കഠിന തടവ്

മഞ്ചേരി: 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 29 വയസ്സുകാരനായ യുവാവിന് 87 വര്‍ഷം കഠിന തടവു ശിക്ഷ. പോക്സോ പ്രത്യേക കോടതിയാണ് കൂളിയോടൻ പുള്ളഞ്ചേരി വീട്ടിൽ ഹുസൈന്റെ മകൻ ഉനൈസിന് 87 വര്‍ഷം കഠിന തടവിനും 4.60 ലക്ഷം രൂപ പിഴയടക്കുന്നതിനുമുള്ള ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാല്‍ 8 മാസം അധിക തടവും അനുഭവിക്കേണ്ടി വരും.

2020 മെയ് 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് ഉനൈസ് നിരവധി തവണ അതിജീവിതയുടെ വീടിലേക്ക് അനധികൃതമായി കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാക്രമണം നടത്തുകയും ചെയ്തത്. വിവരം പുറത്തറിയിച്ചാല്‍ നഗ്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തെളിഞ്ഞു. അതിജീവിതയും കുടുംബവും കേസ് നല്‍കിയതിനെ തുടര്‍ന്ന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ 785/23 എന്ന നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു.

ജഡ്ജി എ എം അഷ്‌റഫ് പ്രതിയെ പോക്സോ നിയമം 5(l) r/w 6(1) വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം സാധാരണ തടവിനും ശിക്ഷിച്ചു. കൂടാതെ ഐപിസി 376(3) വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം തടവുമാണ് വിധിച്ചത്. 450 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 മാസം തടവുമാണ്. 506(i) വകുപ്പ് പ്രകാരം 2 വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും, പിഴ അടച്ചില്ലെങ്കില്‍ 1 മാസം തടവുമാണ് വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം ശിക്ഷ ലഭിച്ചതിനാല്‍ 376(2)(n) പ്രകാരം പ്രത്യേകം ശിക്ഷ വിധിച്ചില്ല.

കോടതി പിഴയടക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണമെന്നും, അധിക നഷ്ടപരിഹാരത്തിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ നിര്‍ദ്ദേശിക്കണമെന്നും ഉത്തരവിട്ടു.

അബ്ദുറഹിമാൻ ജയിച്ചത് എസ് ഡി പി ഐ വോട്ട് നേടി-പി കെ ഫിറോസ്

റിയാസ് ചാക്കേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവ് പിന്തുണ നല്‍കി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷന് പിന്തുണ നല്‍കാന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സല്‍മ. എന്‍. ഏര്‍പ്പെട്ടിരുന്നു. 13 സാക്ഷികളെയും 18 രേഖകളെയും വിസ്തരിച്ചാണ് കേസ് മുന്നോട്ടു കൊണ്ടുപോയത്.

വിധിക്കു ശേഷം പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Sharing is caring!