സിപിഐ ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തീയതികളിൽ താനൂരിൽ

മലപ്പുറം: സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ താനൂരിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഒന്നിന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന് സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പ്രതിനിധി സമ്മേള നഗറിൽ രാവിലെ 9.30ന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി പതാക ഉയർത്തും. ജനുവരി ഒന്നിന് ജില്ലാ സെക്രട്ടറി
ഇ എൻ മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും വൈകിട്ട് പൊതുചർച്ചയും നടക്കും. രണ്ടാം ദിനം പൊതുചർച്ച തുടരും. തുടർന്ന് ചർച്ചക്കുള്ള മറുപടി. മൂന്നാം ദിനം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും. വൈകിട്ട് നാലിന് താനൂർ ഹാർബർ പരിസരത്തുനിന്ന് ചുവപ്പ് വളന്റിയർ മാർച്ചും താനൂർ പഴയ ബസ് സ്‌റ്റാൻഡിൽനിന്ന് പൊതു പ്രകടനവും ആരംഭിക്കും. വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ (ചീരാൻകടപ്പുറം)ആണ് പൊതുസമ്മേളനം.
പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയും 31ന് അത്‌ലറ്റുകൾ ജാഥയായികൊണ്ടുവരും. ദീർഘകാലം പാർടി താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ ഗോവിന്ദന്റെ വസതിയിൽനിന്നാണ് ദീപശിഖ ജാഥ പുറപ്പെടുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാറാണ് ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു റിലേ ഉദ്ഘാടനംചെയ്യും.
ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടിൽനിന്നാണ് പതാക ജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലിമുദ്ദീനാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനംചെയ്യും. ദീർഘകാലം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നാണ് കൊടിമരജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും.
മൂന്ന് ജാഥകളും വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്‌മാൻ പതാക ഉയർത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, വി ശശികുമാർ, ഇ ജയൻ, പി കെ അബ്ദുള്ള നവാസ് എന്നിവർ പങ്കെടുത്തു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]