പരാതികൾ കുറക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ജാഗ്രത വേണം – മന്ത്രി വി അബ്ദുറഹിമാൻ

പരാതികൾ കുറക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ജാഗ്രത വേണം – മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം: ജനങ്ങളുടെ പരാതികൾ അപ്പപ്പോൾ പരിഹരിക്കുന്നതിലും സർക്കാർ ഓഫീസുകളിൽ പരാതികൾ കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിലും ഉദ്യോഗസ്ഥലത്തിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ തിരൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് തിരൂർ വാഗൺ ട്രാജഡി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി വി. അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ അദാലത്ത്.

ജനങ്ങൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ശരിയായ അവബോധമുള്ള കാലമാണിത്. ചെറിയ കാര്യങ്ങൾക്ക് പോലും പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന, ജനങ്ങളെ യജമാനൻമാരായി കാണുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇത് മനസ്സിലാക്കി വേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന പരാതികളിൽ വലിയ അളവിൽ കുറവുണ്ടാക്കാൻ ഈ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ അധികാരത്തിൽ വന്നശേഷം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിൽ മുൻഗണന നൽകി. ഒന്നാംഘട്ടത്തിൽ നടത്തിയ താലൂക്ക് തല അദാലത്ത് വഴി നിരവധി പരാതികൾ പരിഹരിച്ചു. ഇതുമൂലം ഇപ്പോൾ നടക്കുന്ന അദാലത്തിൽ പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും ഇത് ആശ്വാസകരമാണെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

ഒന്നരവർഷം മുമ്പ് എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തുകൾ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടർന്ന് ഏതൊരു ജനാധിപത്യ സർക്കാറിനും എക്കാലത്തേക്കും മാതൃകയാക്കാവുന്ന നവകേരള സദസ്സുകൾ വഴി മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയും പരാതികൾ കേൾക്കുകയും ചെയ്തു. നിർണയിക്കപ്പെട്ട പ്രത്യേക വിഷയങ്ങളിലെ അവശേഷിക്കുന്ന പരാതികൾ പരിശോധിക്കാനാണ് ഇപ്പോൾ വീണ്ടും അദാലത്ത് നടത്തുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.

താനൂരിലെ കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

ജില്ലാ കളക്ടർ വി.ആർ വിനോദ്, തിരൂർ സബ്കളക്ടർ ദിലീപ് കൈനിക്കര, എ.ഡി.എം. മൊഹറലി എൻ എം, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍

മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്ത് വേദിയില്‍ വെച്ച് 12 പേര്‍ക്ക് എ.എ.വൈ, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, എ.ഡി.എം മെഹറലി എന്‍.എം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!