മില്‍മ മലപ്പുറം ഡെയറി, പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഉദ്ഘാടനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മില്‍മ മലപ്പുറം ഡെയറി, പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഉദ്ഘാടനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മലപ്പുറം: 131.3 കോടി രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മില്‍മ മലപ്പുറം ഡെയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഡിസംബര്‍ 24ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂര്‍ക്കനാട്ടെ മില്‍മ ഡെയറി കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മില്‍മ ഡെയറി വൈറ്റ്നര്‍ വിപണനോദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും.

പദ്ധതികളുടെ തുടക്കകാലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവിനെ മന്ത്രി ബാലഗോപാലും അന്നത്തെ മില്‍മ ചെയര്‍മാനായിരുന്ന പി.ടി. ഗോപാലക്കുറുപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആദരിക്കും. ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും മലബാറിലെ മികച്ച യുവ ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് മഞ്ഞളാംകുഴി അലി എം.എല്‍.എയും ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും കൈമാറും. ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള വെറ്ററിനറി ആന്‍ഡ് ഡെയറി സയന്‍സ് പഠന സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിക്കും.

ക്ഷീര മേഖലയില്‍ കേരളത്തിലെ സ്വകാര്യ-പൊതു സഹകരണ രംഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്. 10 മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ളതാണ് ആധുനിക സംവിധാനങ്ങളോടും സുരക്ഷയോടും കൂടിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി. ഒരു ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം പൊടിയാക്കി മാറ്റാം. ലോകത്തെ പ്രമുഖരായ ടെട്രാപാക്ക് കമ്പനിയാണ് ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

‘സ്വയംപര്യാപ്ത ക്ഷീര കേരളം സഹകണ മേഖലയിലൂടെ’, ‘മിഷന്‍ 2.0 മലപ്പുറം’ വിഷയങ്ങളില്‍ സെമിനാര്‍, ക്ഷീര വികസന വകുപ്പും മില്‍മയും സംയുക്തമായി നടത്തുന്ന ശില്‍പശാല, മലപ്പുറത്തിന്റെ പൈതൃകം വിശകലനം ചെയ്യുന്ന ‘മലപ്പുറം പെരുമ’, പരമ്പരാഗത വ്യവസായ പ്രദര്‍ശനം, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചിത്രരചന, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, മ്യൂസിക് നൈറ്റ്, മ്യൂസിക് ബാന്‍ഡ് എന്നിവ ഉദ്ഘാടനത്തിന് മുന്നോടിയായി 22,23,24 തീയതികളില്‍ മൂര്‍ക്കനാട്ടെ ഡെയറി കാമ്പസില്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

പൊന്നാനിയിൽ മോഷണം പോയ 550 പവൻ സ്വർണത്തിൽ ഭൂരിഭാ​ഗവും വീണ്ടെടുത്ത് മലപ്പുറം പോലീസ്

Sharing is caring!