‘മ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ – മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ

‘മ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ – മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന ‘മ – ലൗ, ലെഗസി, ലിറ്ററേച്ചർ’ എന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ചെയർമാനായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ഡയറക്ടറായി എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെയും തെരഞ്ഞെടുത്തു. മുഖ്താർ ഉദരംപൊയിൽ, മുഹ്സിൻ ബുക്കാഫെ എന്നിവരാണ് ക്യുറേറ്റർമാർ.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായ മുനവ്വറലി ശിഹാബ് തങ്ങള്‍ കേരളത്തിലെ യുവജന നേതാക്കളിൽ ശ്രദ്ധേയനാണ്. സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വെളിച്ചം പകരുന്ന കൊടപ്പനക്കല്‍ തറവാട്ടിലെ പുതുമുറക്കാരന്‍. സാമൂഹിക പ്രവര്‍ത്തകന്‍, രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാല, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ആന്റ് ഹ്യൂമന്‍ സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പദ്ധതികൾക്കും പ്രസ്ഥാനങ്ങൾക്കും നേതൃത്വം നല്‍കി വരുന്നു.

ഡയറക്ടറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. എഴുത്തിനൊപ്പം പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. സാഹിത്യ അക്കാദമി അവാര്‍ഡടക്കം നിരവധി അംഗീകാരങ്ങള്‍ക്ക് അർഹനായിട്ടുണ്ട്. പൊയ്തുംകടവിന്റെ രചനകൾ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്. 43 പുസ്തകങ്ങളുടെ കർത്താവാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പൂങ്കാവനം മാസിക, ചന്ദ്രിക വാരിക, ഗൾഫ് ലൈഫ് (അബുദാബി), പ്രവാസ ചന്ദ്രിക (ദുബായ്) എന്നിവയുടെ പത്രാധിപരായിരുന്നു. മൂന്ന് സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മികച്ച തിരക്കഥയ്ക്ക് 2023ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു.

ക്യുറേറ്റേഴ്സായ മുഖ്താര്‍ ഉദരംപൊയില്‍ കഥാകൃത്ത്, ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ആനുകാലികങ്ങളില്‍ വരക്കുകയും എഴുതുകയും ചെയ്യുന്നു. കള്ളരാമന്‍ (കഥകള്‍), വിശപ്പാണ് സത്യം (അനുഭവക്കുറിപ്പുകള്‍), ജിന്നുകുന്നിലെ മാന്ത്രികന്‍ (കുട്ടികള്‍ക്കുള്ള നോവല്‍), പുഴക്കുട്ടി (നോവല്‍), ഉസ്താദ് എംബാപ്പെ (കഥകള്‍) എന്നിവയാണ് പുസ്തകങ്ങള്‍. ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.

പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ

മുഹ്സിൻ ബുക്കഫെ പബ്ലിഷിം​ഗ് പ്രൊഫഷനലാണ്. ബുക്കഫെ എന്ന പ്രസാധക സംരംഭത്തിന്റെ സ്ഥാപകനാണ്. ഒലിവ് ബുക്സിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായും വിവിധ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Sharing is caring!