മുശവറയിൽ നിന്നും ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി, സഹപ്രവർത്തകരെ കള്ളനെന്ന് വിളിച്ച് ഉമർ ഫൈസി

മുശവറയിൽ നിന്നും ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി, സഹപ്രവർത്തകരെ കള്ളനെന്ന് വിളിച്ച് ഉമർ ഫൈസി

കോഴിക്കോട്: സമസ്ത മുശാവറ യോ​ഗത്തിൽ നിന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. വിമത നേതാവ് ഉമർ ഫൈസിയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മുത്തുക്കോയ തങ്ങളുടെ നാടകീയ നീക്കം. ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചയായതിനാൽ അദ്ദേഹം മാറിനിൽക്കണമെന്ന് ജിഫ്രി തങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറായില്ല.

പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞപ്പോൾ നിങ്ങൾ കള്ളൻമാർ പറയുമ്പോൾ മാറിനിൽക്കാനാവില്ല എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. അപ്പോഴാണ് എല്ലാവരും കള്ളൻമാരെന്ന് പറയുമ്പോൾ താനും കള്ളനാണോ എന്ന് ചോദിച്ച് ജിഫ്രി തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാരാണ് പ്രാർഥന നടത്തി യോഗം അവസാനിപ്പിച്ചത്.

കള്ളൻമാരാണ് എന്ന ഉമർ ഫൈസിയുടെ പരാമർശം യോഗത്തിൽ അസ്വസ്ഥതയുണ്ടാക്കി. താൻ എന്താണ് നിങ്ങളുടേത് മോഷ്ടിച്ചത് എന്നായിരുന്നു ബഹാഉദ്ദീൻ നദ്‌വിയുടെ ചോദ്യം. കള്ളം പറയുന്ന ആളുകളാണ് എന്നാണ് ഉദ്ദേശിച്ചത് എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. നിങ്ങളുടെ വിഷയങ്ങൾ ചർച്ച നടത്തിയപ്പോൾ നിങ്ങൾ മാറിയിട്ടില്ലല്ലോ എന്നും ഉമർ ഫൈസി ചോദിച്ചു. എന്നാൽ അന്ന് തന്നോട് മാറിനിൽക്കാൻ പ്രസിഡന്റ് പറഞ്ഞിരുന്നില്ലെന്നും പറഞ്ഞാൽ മാറിനിൽക്കുമായിരുന്നു എന്നുമായിരുന്നുവെന്നും നദ്‌വി പറഞ്ഞു.

ഉമർ ഫൈസിയുടെ നിലപാടുകളുമായി ബന്ധപ്പെട്ട് സമസ്തയിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ പരാമർശം വലിയ വിവാദമായിരുന്നു. ഉമർ ഫൈസി സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് മുശാവറയിൽ അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത്. ഉമർ ഫൈസിയെ മുശാവറയിൽനിന്ന് നീക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ലീഗ് അനുകൂല വിഭാഗം ഉന്നയിച്ചിരുന്നു.

നിലത്തു വീണ സെവൻസ് കളിക്കാരന്റെ നെഞ്ചിൽ ചവിട്ടിയ വിദേശതാരത്തിനെതിരെ കർശന നടപടി

സാദിഖലി തങ്ങൾക്കും ലീഗിനും എതിരായ നീക്കം നടത്തുന്നു എന്നതായിരുന്നു ഇതുവരെയുള്ള ആരോപണമെങ്കിൽ ഇപ്പോൾ ജിഫ്രി തങ്ങൾക്കെതിരെയും അദ്ദേഹം നിലപാടെടുത്തു എന്നതാണ് ശ്രദ്ധേയം. ഉമർ ഫൈസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സമവായത്തിന്റെ രീതിയിലാണ് ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിരുന്നത്. പ്രസിഡന്റിനെയും അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറാവുന്നില്ല എന്ന രീതിയിലേക്ക് ചർച്ചകൾ മാറിയ സാഹചര്യത്തിൽ സമസ്തയിൽ തർക്കം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

Sharing is caring!