തായ്ലാൻഡിലെ നാഷണൽ ഹെൽത്ത് അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ എം. കെ. റഫീഖ

തായ്ലാൻഡിലെ നാഷണൽ ഹെൽത്ത് അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ എം. കെ. റഫീഖ

മലപ്പുറം: തായ്‌ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത്‌ അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ സംബന്ധിക്കും. ഇത് സംബന്ധിച്ച് തായ്‌ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന് ലഭിച്ചു.

തായ്‌ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത്‌ കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത്‌ അസംബ്ലി സംഘടിപ്പിക്കുന്നത്. നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും വിശിഷ്യാ മലപ്പുറം ജില്ലയിലെയും ആരോഗ്യ രംഗത്തെ ഇടപെടലുകളെ കുറിച്ച് എം. കെ. റഫീഖ പ്രബന്ധം അവതരിപ്പിക്കും. അധികാരവികേന്ദ്രീകരണം വഴി ആരോഗ്യമേഖലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇടപെടലുകളും, രീതികളും, പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രബന്ധത്തിൽ വിശദീകരിക്കും. കേരളത്തിന്റെയും മലപ്പുറം ജില്ലയുടെയും ആരോഗ്യരംഗത്തെ നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്.

ആരോഗ്യ മേഖലയിലെ സാമൂഹിക പങ്കാളിത്തത്തെകുറിച്ചുള്ള ലോക ആരോഗ്യ സംഘടനയുടെ (ഡബ്യൂ.എച്ച്.ഒ) പ്രമേയത്തിനനുസൃതമായി ആഗോള പ്രവർത്തന പദ്ധതി വികസിപ്പിക്കുകയും, പ്രമേയം പ്രാവർത്തികമാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ അംസംബ്ലിയുടെ ഉദ്ദേശലക്ഷ്യം. പരിപാടിയിൽ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങൾ ക്രോഡീകരിച്ച് തായ്‌ലാന്റ് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ആരോഗ്യ കമ്മീഷൻ ആരോഗ്യ നയം രൂപപ്പെടുത്തും .

ആരോഗ്യ മേഖലയിൽ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരത്തോടെ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കൂടിച്ചേരലുകളിൽ ഒന്നായ തായ്‌ലാൻഡ് നാഷണൽ ഹെൽത്ത്‌ അസംബ്ലിയിൽ കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെടുന്ന ഏക പ്രതിനിധിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഇന്ത്യയിൽ നിന്ന് ആകെ രണ്ട് പേരാണ് അസംബ്ലിയിൽ സംബന്ധിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സൊസൈറ്റി ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്‌ അവയർനസ് റിസർച്ച് ആൻഡ് ആക്ഷൻ (SOCHARA) യുടെ സി.ഇ.ഒ സുരേഷ് ദണ്ഡപാണി ആണ് മറ്റൊരാൾ

ആരോഗ്യ രംഗത്ത് സാമൂഹിക പങ്കാളിത്തം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ രാജ്യങ്ങളാണ് അസംബ്ലിയിൽ സംബന്ധിക്കുക. ഇന്ത്യയെ കൂടാതെ ബ്രസീൽ, ഫ്രാൻസ്, നോർവേ, സ്ലോവാനിയ, ട്യൂണീഷ്യ, എന്നിവയാണ് ഈ വർഷം പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.

മലപ്പുറത്ത് ഭാര്യയുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് മരിച്ചു

സാമൂഹികപങ്കാളിത്തം ഫലപ്രദമായി വിനിയോഗിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ മികച്ച പദ്ധതികൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കഴിയും. പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യപരിരക്ഷക്കായി ആശുപത്രികളുമായി സഹകരിച്ച് ഏറ്റെടുത്ത പ്രവർത്തനങ്ങൾ, സ്വച്ഭാരത് മിഷൻ ക്യാമ്പെയിനിലൂടെ ഹരിതകർമ്മസേനയെ ശാക്തീകരിച്ച് ശുചീകരണ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ, സാനിറ്ററി പാഡുകളുടെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് കുടുംബശ്രീ/വിവിധ ഏജൻസികളുടെ സഹായത്തോടെ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത പ്രവർത്തനങ്ങൾ തുടങ്ങിയവ അവതരണത്തിൽ ഉൾപ്പെടുത്തുന്നതാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ പറഞ്ഞു.

Sharing is caring!