തിരഞ്ഞെടുപ്പ് ദിവസം ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

തിരഞ്ഞെടുപ്പ് ദിവസം ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

മലപ്പുറം: കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച സന്ദീപ് വാര്യര്‍ പാലക്കാട് വോട്ടെടുപ്പ് ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദർശനം എന്നാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്. സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും സന്ദീപും പ്രതികരിച്ചു.

“ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങൾക്ക് നൽകുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഈ രാജ്യത്തെ മുഴുവൻ പൗരന്മാരും പിന്തുടരേണ്ടതാണ് ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവിൽ രാജ്യത്തുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിത്.

സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തങ്ങളെ കാണുക എന്നത്. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നവയാണ്”, സന്ദീപ് പറഞ്ഞു.

“മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് തന്നെ കാണാന്‍ വന്നതിനെയും കാണുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. മുമ്പ് രാജ്യത്തിന് ഗുണം ബി.ജെ.പിയെന്ന് സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതില്‍ പ്രവര്‍ത്തിച്ചു.

മലപ്പുറത്ത് ഭാര്യയുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് മരിച്ചു

പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം ചിന്താഗതിയാണ്. കോണ്‍ഗ്രസ് അംഗമായിട്ട് സ്വീകരിച്ചു. ബി.ജെ.പിയിലായിരുന്നപ്പോഴും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്. ബി.ജെ.പിയുടെ പലനേതാക്കളും ഇവിടെ വന്നിട്ടുണ്ട്. രാജ്യത്ത്‌ നന്മ ചെയ്യുന്ന എല്ലാവരെയും പിന്തുണയ്ക്കുക എന്നതാണ് എന്റെ നയം.” ജിഫ്രി തങ്ങൾ പറഞ്ഞു.

Sharing is caring!