പിണറായി വിജയന്റെ മതനിരപേക്ഷ നിലപാടിന് ലീ​ഗിന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സി പി എം

പിണറായി വിജയന്റെ മതനിരപേക്ഷ നിലപാടിന് ലീ​ഗിന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സി പി എം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മതനിരപേക്ഷ നിലപാടിന് മുസ്ലിം ലീഗിന്റെയും അവരുടെ മുഖപത്രമായ ചന്ദ്രികയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റാണ്. ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന്റെ കൂടി നിലപാടാണ്. അതിന്റെ പേരിൽ രാഷ്ട്രീയ വിമർശനമേൽക്കുമ്പോൾ അദ്ദേഹത്തിന് മത നേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നത് ഹീന നിലപാടാണ്.

രാഷ്ട്രീയ വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനുപകരം മത പരിവേഷം നൽകുന്നത് മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല. ലീഗിന്റെ അധ്യക്ഷ പദവിയിലിരുന്ന പാണക്കാട് തങ്ങൾമാരെല്ലാം രാഷ്ട്രീയ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നിരവധി തവണ വർഗീയ നിലപാടിന്റെ പേരിൽ ലീഗ് നേതൃത്വത്തെയും പാണക്കാട് തങ്ങൾമാരെയും വിമർശിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഹാലിളക്കം ജമാഅത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് പറയുമ്പോൾ ലീഗിനും അതിന്റെ നേതാക്കൾക്കും ഉണ്ടാകേണ്ടതില്ല. സി എച്ച് മുഹമ്മദ് കോയയെ പോലുള്ള സമാരാധ്യരായ ലീഗ് നേതാക്കളെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനെ എതിർത്തവരും തുറന്നുകാട്ടിയവരുമാണ്. ഇന്ന് അധികാരത്തിനുവേണ്ടി ലീഗ് അവർ ഉൾപ്പെടെയുള്ള മത മൗലികവാദ കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണ്.

ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ മുസ്ലിം മതമൗലികവാദ ശക്തികളെ കൂട്ടുപിടിച്ച് നേരിടാനാവില്ല. ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ പ്രതിരോധിക്കാനുള്ള ബാധ്യത മതനിരപേക്ഷ കേരളത്തിനുണ്ട്. മുഖ്യമന്ത്രി ആ കടമ നിർവഹിക്കുമ്പോൾ അദ്ദേഹത്തെ ബിജെപി ഏജന്റാക്കി ചിത്രീകരിക്കുന്നത് മതമൗലികവാദികളുടെ വോട്ട് ലക്ഷ്യമിട്ടാണ്. മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ രാഷ്ട്രീയ ചങ്ങാത്തത്തിന്റെ അപകടം മതനിരപേക്ഷ സമൂഹം തിരിച്ചറിയുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മാതാവിന് മുന്നിൽ വെച്ച് തിരയിൽ പെട്ട് ദുബായിൽ മലയാളി വിദ്യാർഥി മരിച്ചു

Sharing is caring!