മുഖ്യമന്ത്രിക്ക് സാദിഖലി തങ്ങളോട് അസൂയയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിക്ക് സാദിഖലി തങ്ങളോട് അസൂയയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഗവണ്‍മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും ഗവണ്‍മെന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ പ്രക്ഷുബ്ദതയുടെ കാലത്ത് ശിഹാബ് തങ്ങള്‍ എടുത്ത അതേനിലപാട് തന്നെയാണ് സാദിഖലി തങ്ങളും സ്വീകരിക്കുന്നത്. മുനമ്പം വിഷയം കാത്താതിരിക്കാന്‍ ഉടന്‍ മതസംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും മതമേലധ്യക്ഷരുമായി വേണ്ട സന്ദര്‍ഭത്തില്‍ സംസാരിക്കാനിരിക്കുകയുമാണ്. എന്നാല്‍ പ്രശ്‌നം അവസാനിക്കരുതെന്ന ബി.ജെ.പിയുടെ നയം തന്നെയാണ് സി.പി.എമിനുമുള്ളത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഏതറ്റംവരെയും പോകാമെന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ഇത്. ഗതികേടിന്റെ അറ്റമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തോടെ യു.ഡി.എഫാണ് വിജയിക്കാന്‍ പോകുന്നതെന്ന പ്രതീതി മണ്ഡലത്തിലുണ്ടായിട്ടുണ്ട്. ഇത് മതേതരവിശ്വാസികളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുമെന്ന ഭയത്തിലാണ് ഇത്തരം പ്രസ്താവനകള്‍. സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് ഇന്ത്യ മുന്നണിയുടെ ഭാഗമാകുന്നതിനെ സി.പി.എം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും എന്നാല്‍ ഇടത്പക്ഷത്താണ് കൂട്ടക്കരച്ചിലുയരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്നായിരുന്നു സി.പി.എം നേതാക്കളുടെ പക്ഷം. എന്നാല്‍ ഇന്ന് അദ്ദേഹത്തിനില്ലാത്ത കുറ്റങ്ങളില്ല. സന്ദീപ് വാര്യര്‍ പാണക്കാട് വന്നത് നല്ല സന്ദേശമാണ് നല്‍കുകയെന്നും അതിന് പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Sharing is caring!