അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാനുമായി കൂടിക്കാഴ്ച്ച നടത്തി സാദിഖലി തങ്ങൾ

അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാനുമായി കൂടിക്കാഴ്ച്ച നടത്തി സാദിഖലി തങ്ങൾ

മലപ്പുറം: മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകള്‍ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ സുന്നി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിംലീഗിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്ഫോം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കേരളത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെയൊരു സംവിധാനമുണ്ട് എന്ന് നേരത്തെ അറിയാം. അതില്‍ വലിയ സന്തോഷമുണ്ട്. സമുദായം ഐക്യപ്പെടണം. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് എം.പിമാരുണ്ട് എന്നത് വലിയ കാര്യമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നേതൃത്വം നല്‍കുന്ന ഒരു മുസ്ലിം സംഘടനക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തി സമുദായത്തിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ സാധിക്കും.- അബ്ദുള്ള അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. മത സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി സൗദി ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ഇരു ഹറമുകളിലെയും ഇമാമുമാര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്. ഈ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ ഇന്ത്യയിലെത്തിയത്. സമുദായ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഹറം ഇമാം ഇന്ത്യ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

Sharing is caring!