ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും പടരുന്നു, ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചത് 59 പേർക്ക്

ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും പടരുന്നു, ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചത് 59 പേർക്ക്

മലപ്പുറം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടും ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും പിടിച്ചുകെട്ടാനാവുന്നില്ല. നവംബർ ഒന്ന് മുതൽ ഇതുവരെ 59 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതര ചികിത്സാ മാർഗങ്ങൾ തേടുന്നവരുടെയും എണ്ണമെടുത്താൻ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത മഞ്ഞപ്പിത്തം കേസുകളുടെ ഇരട്ടിയിലധികം വരും.

മഞ്ഞപ്പിത്തം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലസ്രോതസ്സുകൾ മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തിയ ഇടങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്തം കേസുകളുമുള്ളത്. വിവാഹം, പൊതുപരിപാടികൾ, ജ്യൂസ് കടകൾ, ഐസ് കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മലിനമായ ജലസ്രോതസുകളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പേകുന്നുണ്ട്.

ഈമാസം ഇതുവരെ 76 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃക്കലങ്ങോട്, കൂട്ടിലങ്ങാടി, മഞ്ചേരി, തൃപ്പനച്ചി, മുതുവല്ലൂർ, കുഴിമണ്ണ, എടയൂർ, ഓടക്കയം, പള്ളിക്കൽ, കരുളായി, എടവണ്ണ, നെടിയിരുപ്പ്, തിരൂർ, മൂത്തേടം, കരുവാരക്കുണ്ട്, പോത്തുകല്ല്, കാവന്നൂർ, പുളിക്കൽ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നത് ഉറപ്പാക്കേണ്ടതുണ്ട്.

തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Sharing is caring!