അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസക്കാരം ടി പത്മനാഭന്

അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസക്കാരം ടി പത്മനാഭന്

മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസക്കാരത്തിന് മലയാള സാഹിത്യ ലോകത്തെ കഥയുടെ കുലപതി ടി. പത്മനാഭനെ തെരഞ്ഞെടുത്തു. കേരള സിംഹം എന്നറിയപ്പെട്ടിരുന്ന ധീരനായ സ്വാതന്ത്ര്യസമരസേനാനിയും അല്‍ അമീന്‍ പത്രാധിപരും കെ.പി.സി.സി പ്രസഡന്റുമായിരുന്ന അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങളും വീക്ഷണവും ജീവിതത്തില്‍
ഉയര്‍ത്തിപിടിക്കുകയും സാഹിത്യ രംഗത്തെ സമഗ്രസസംഭാവനകളും പരിഗണിച്ചാണ് പുരസ്‌ക്കാരം. വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരരംഗത്തിറങ്ങുകയും അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രസംഗം കേട്ട് കര്‍മ്മരംഗത്ത് ഇന്നും സജീവമായ മഹനീയ പരമ്പര്യമുള്ള കഥാകൃത്താണ് ടി. പത്മനാഭന്‍.

എം.എന്‍ കാരശേരി, മുന്‍ എം.പി സി.ഹരിദാസ്, ഡോ.ആര്‍സു എന്നിവടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരത്തിനായി ടി. പത്മനാഭനെ തെരഞ്ഞെടുത്തത്. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അബ്ദുറഹിമാന്‍ സാഹിബിന്റെ 79ാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 22ന് മലപ്പുറം വ്യാപാര ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല സമ്മാനിക്കും. അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം എം.എന്‍ കാരശേരി നടത്തും. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. അബ്ദുറഹിമാന്‍ സാഹിബ് അല്‍ അമീന്‍ പത്രം ആരംഭിച്ചിട്ട് നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അല്‍ അമീന്‍ ഓണ്‍ലൈന്‍ പത്രമായി പുറത്തിറക്കുകയാണ്.ഇതിന്റെ വെബ് സൈറ്റ് ലോഞ്ചിംഗ് കഥാകൃത്ത് ടി. പത്മനാഭന്‍ നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, സെക്രട്ടറി വീക്ഷണം മുഹമ്മദ്, കാലിക്കറ്റ് സര്‍വകലാശാ മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ കോ ഓര്‍ഡിനേറ്റര്‍ മുല്ലശേരി ശിവരാമന്‍ നായര്‍, അനുസ്മരണ സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ പരി ഉസ്മാന്‍, കെ എ സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

വള്ളിക്കുന്ന് സ്വദേശിനിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു

Sharing is caring!