പോത്തുകല്ലിലെ പ്രകമ്പനം; പാറകളുടെ ഘർഷണവും പൊട്ടലും മൂലമാകാമെന്ന് വിദ​ഗ്ധർ

പോത്തുകല്ലിലെ പ്രകമ്പനം; പാറകളുടെ ഘർഷണവും പൊട്ടലും മൂലമാകാമെന്ന് വിദ​ഗ്ധർ

എടക്കര: മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആനക്കല്ല് കുന്നിൽ ഒക്ടോബർ 17 ന് വൈകിട്ട് 4 നും 18 ന് പുലർച്ചെ 4.45നും 29 ന് രാത്രി 9 നും 10.45 നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവർ സ്ഥല പരിശോധന നടത്തി. സ്ഥല പരിശോധനാ റിപ്പോർട്ടും ലഭ്യമായ മറ്റ് വിവരങ്ങളും മുൻ അനുഭവങ്ങളും വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിൻ്റെ ഈ വിഷയത്തിലെ നിഗമനങ്ങൾ:

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവിൽ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതൽ 95 മീറ്റർ വരെയുള്ള കുന്നിൻ ചെരുവിലാണ് ഇവ അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം.

ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള പാറകളുടെ ഘർഷണവും പൊട്ടലും മൂലം പ്രാദേശികമായി ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവുമാണിതെന്നാണ് അനുമാനിക്കുന്നത്. ഇത്തരം പ്രതിഭാസം കേരളത്തിൽ പല പ്രദേശങ്ങളിലും മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ പൊതുവിൽ അപകടകാരി അല്ല.

ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മമായ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രതിഭാസത്തിന് കാരണം. ഭൂജല വിനിയോഗം മൂലം പാറകൾക്ക് ഉണ്ടാകുന്ന സ്ഥാനചലനം, കുഴൽ കിണറുകളിലൂടെ ഭൂമിയുടെ ഉള്ളിലുള്ള ചെറിയ അറകളിൽ അടങ്ങിയ വായു പുറത്തേക്ക് പോകുമ്പോൾ പാറകൾക്കുണ്ടാകുന്ന സ്ഥാനചലനം എന്നിവയും ഇത്തരം പ്രതിഭാസത്തിന് കരണമാകാറുണ്ട്.

കെട്ടിടങ്ങളുടെ പഴക്കവും ഘടനാപരമായ ബലഹീനതയും കാരണം ഇത്തരം പ്രകമ്പനം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തറയിലും ലിൻ്റൽ ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള പൊട്ടലുകൾ കാണാറുണ്ട്. ഈ പൊട്ടലുകളുടെ തോതും രീതിയുമനുസരിച്ച് എൻജിനീയറെ കൊണ്ട് പരിശോധിപ്പിച്ച് കേടുപാടുകൾ മാറ്റി തുടർന്നും ഉപയോഗിക്കാവുന്നതാണ്.

പ്രദേശത്തിന്റെ ഘടന കൂടുതൽ കൃത്യമായി മനസിലാക്കുന്നതിന് ഈ കുന്നിൻ ചെരുവ് ജിയോഫിസിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കോഴിക്കോട് എൻ.ഐ.ടി യുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയം ബന്ധപ്പെട്ടിട്ടുണ്ട്.

കോട്ടയ്ക്കലിലെ സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിനിടെ പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

ഭൂമികുലുക്കം നിലവില്‍ പ്രവചന സംവിധാനങ്ങളുള്ള പ്രകൃതി പ്രതിഭാസമല്ല. കേന്ദ്ര കലാവസ്ഥാ വകുപ്പിനാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം നിരീക്ഷിക്കുവാനും കാറ്റലോഗ് സൂക്ഷിക്കുവാനുമുള്ള ചുമതല. അതത് സമയത്തെ പ്രധാന ഭൂമികുലുക്കങ്ങള്‍ https://seismo.gov.in/MIS/riseq/earthquake ൽ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വകുപ്പിന് കീഴിലുള്ള നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ആണ് ആധികാരികമായി ഭൂമികുലുക്കം സംബന്ധിച്ച പഠനവും നിരീക്ഷണവും നടത്തുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുണ്ടായ പ്രകമ്പനം കേന്ദ്ര കാറ്റലോഗിൽ ഭൂമികുലുക്ക നിരീക്ഷണ ഉപകരണങ്ങളിൽ നിന്നും രേഖപ്പെടുത്തിയിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടാല്‍ ചെയ്യേണ്ടതും, ചെയ്യരുതാത്തതും ആയ കാര്യങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://shorturl.at/YGfpY

ഭൂചലനം ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച ഭിന്നശേഷി സൗഹൃദ വീഡിയോ ലിങ്ക് https://www.youtube.com/watch?v=Z6cG_OfhNos

Sharing is caring!