കേരളത്തിനെതിരായ ബി ജെ പി ക്യാംപെയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുന്നു-കുഞ്ഞാലിക്കുട്ടി

കേരളത്തിനെതിരായ ബി ജെ പി ക്യാംപെയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുന്നു-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഹിന്ദുവിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിലൂടെ കേരളത്തിനെതിരായ ബി.ജെ.പി ക്യാമ്പയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ ഭരിക്കുന്ന ഈ കേരളത്തിന്റെ മണ്ണ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് ചെയ്യുന്ന സ്ഥലമാണ് എന്ന ബി.ജെ.പി ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ പേരിൽ കൊടുത്തവർക്കെതിരെ നിങ്ങൾ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. യോഗി ആദിത്യനാഥിന്റെ വാക്കുകളാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. ദേശവിരുദ്ധതയുടെ പേര് പറഞ്ഞ് പ്രത്യേക സമുദായത്തെ ചാപ്പ കുത്തുന്നതിനെതിരെയുള്ള പ്രമേയം ഇന്ത്യ മുന്നണിയിൽ ഡ്രാഫ്റ്റ് ചെയ്തത് സീതാറാം യെച്ചൂരിയാണ്. എന്നിട്ടെന്തേ ഇപ്പോൾ ഇങ്ങനെ എന്നാണ് ഞങ്ങളുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ വാക്കുകൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഈ ആയുധം ബി.ജെ.പി ഇന്ത്യയൊട്ടാകെ ഉപയോഗിക്കും. വലിയ ഗൗരവമുള്ള ഈ വിഷയത്തെയാണ് സർക്കാർ ലാഘവത്തോടെ കാണുന്നത്. മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമാക്കാനുള്ള ശ്രമവും ഗൂഢാലോചനയുടെ ഭാഗമാണ്. ഞങ്ങളിത് പറഞ്ഞപ്പോൾ ആരും പരിഗണിച്ചിട്ടില്ല. ഇപ്പോൾ ഭരണപക്ഷ എം.എൽ.എക്ക് തന്നെ ഇക്കാര്യം പറയേണ്ടി വന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവർണറെ സന്ദർശിച്ച് പി വി അൻവർ എം എൽ എ

Sharing is caring!