ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം എല്ലാ രക്ത ബാങ്കുകളിലും ഒരുക്കും- ആരോഗ്യ മന്ത്രി

ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം എല്ലാ രക്ത ബാങ്കുകളിലും ഒരുക്കും- ആരോഗ്യ മന്ത്രി

നിലമ്പൂർ: സംസ്ഥാനത്തെ എല്ലാ ബ്ലഡ് ബാങ്കുകളിലും ബ്ലഡ് ബാഗ് ട്രേസബലിറ്റി സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമായ രക്തം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലമ്പൂര്‍ ഐ എം എ ഹാളില്‍ നടന്ന സംസ്ഥാനതല പരിപാടിയില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് തയ്യാറാക്കിയ ‘ഇനിയെങ്കിലും’ എന്ന ഷോര്‍ട്ട് ഫിലിം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഓണ്‍ലൈനായി ആശംസകള്‍ അര്‍പ്പിച്ചു.

‘വ്യത്യസ്തരായിരിക്കുക, രക്തം ദാനം ചെയ്യുക, ജീവന്‍ ദാനം ചെയ്യുക’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ സന്നദ്ധ രക്തദാന ദിനചരണ സന്ദേശം. ഇതിനെ അടിസ്ഥാനപ്പെടുത്തി കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ശ്രീലത ആര്‍ രക്തദാന ദിനാചരണ സന്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക പരിപാടിക്ക് സ്വാഗതം ആശംസിച്ചു. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി എന്‍ രക്തദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുബിന്‍ സി, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി പി ആര്‍ ഒ അനീഷ്, മലപ്പുറം ജില്ലാ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ കെ കെ എന്നിവര്‍ സംസാരിച്ചു.

പിണറായി ആർഎസ്എസിന്റെ നാവായി മാറി : വെൽഫെയർ പാർട്ടി

സംസ്ഥാനതല പരിപാടിയുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ചാപ്റ്റര്‍ രക്തദാന പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. സന്നദ്ധ രക്തദാതാക്കള്‍, സന്നദ്ധ രക്തദാന സംഘടനകള്‍, ബ്ലഡ് ബാങ്കുകള്‍ എന്നിവര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍, ജില്ലാതല അവാര്‍ഡുകള്‍, താലൂക്ക് തല അവാര്‍ഡുകള്‍, സ്വകാര്യ ആശുപത്രികള്‍ക്കുള്ള രക്തദാന അവാര്‍ഡുകള്‍ എന്നിവ പരിപാടിയില്‍ വിതരണം ചെയ്തു. നിലമ്പൂര്‍ അമല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റും എംഇഎസ് മമ്പാട് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു വാളണ്ടിയര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Sharing is caring!