പി വി അൻവറിനെ തള്ളി മലപ്പുറം സി പി എം, കള്ളക്കടത്തുകാരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ് അദ്ദേഹം നടത്തുന്നത്. സ്വർണക്കടത്ത് മാഫിയയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത് ക്യാരിയർമാരാണ്. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ് അന്‍വര്‍.
സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ് അദ്ദേഹത്തിന്റെ പ്രസ്‌താനകൾ സഹായിക്കുന്നത്.
കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയിൽ ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക് നിരക്കാത്ത രീതിയിലാണ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്. വേദിയില്‍നിന്ന് ഇറങ്ങിവന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളിൽ കണ്ടതാണ്. ജനപ്രതിനിധിക്ക് നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎൽഎയ്‌ക്ക് ഒട്ടും അനുയോജ്യമല്ലാത്തതാണ് ഇത്തരം നിലപാടുകൾ. ഇത്തരം പ്രവൃത്തികള്‍ തിരുത്തണമെന്ന് പാർടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികൾക്ക് സഹായകരമായ പരസ്യപ്രസ്‌താവനയുണ്ടാകില്ലെന്ന് ജില്ലാ നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരസ്യപ്രസ്‌താവനകൾ വ്യക്തമാക്കുന്നത്. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് അന്‍വര്‍ തരംതാണു. ഇത്തരം പ്രസ്‌താവനകളും പ്രവൃത്തികളും ആവർത്തിക്കുന്ന രീതി തിരുത്താൻ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പ്രസ്‌താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാൻ പാർടി പ്രവർത്തകർ മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]