സൗജന്യ ഡയാലിസിസ് കേന്ദ്രം ഒരുക്കാന്‍ ബിരിയാണി ചലഞ്ചുമായി ജില്ലാ സഹകരണ ആശുപത്രി

സൗജന്യ ഡയാലിസിസ് കേന്ദ്രം ഒരുക്കാന്‍ ബിരിയാണി ചലഞ്ചുമായി ജില്ലാ സഹകരണ ആശുപത്രി

മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുന്ന ഹെല്‍ത്ത് കെയര്‍ പദ്ധതിക്കും ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനും ഫണ്ട് ശേഖരണാര്‍ഥം ആശുപത്രി ജീവനക്കാരും പി.എം.എസ്.എ പാരാമെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളും ഒരുക്കുന്ന ബിരിയാണി ചലഞ്ചിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനം ആശുപത്രിയുടെ പ്രഥമ പ്രസിഡന്റും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഒക്ടോബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.

സംസ്ഥാനത്താദ്യമായി കോവിഡ് കിടത്തി ചികിത്സ സൗജന്യമായി നല്‍കിയ ജില്ലാ സഹകരണ ആശുപത്രി ജീവകാരുണ്യ പദ്ധതിയായ പി.എം.എസ്.എ ഹല്‍ത്ത് കെയറിന്റെ ഭാഗമായാണ് നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ നടപ്പിലാക്കി വരുന്നത്. നെഫ്രോളജി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വലാണ് ഡയാലിസിസ് സംവിധാനമൊരുക്കുന്നത്. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സംവിധാനമൊരുക്കുകകൂടി ലക്ഷ്യമിട്ടാണ് 45 ലക്ഷം രൂപ ചെലവില്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുള്‍പ്പെടുന്ന മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാന്ത്വന പദ്ധതിക്ക് പിന്തുണയുമായാണ് ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം പി.എം.എസ്.എ ഹെല്‍ത്ത് കയര്‍ പദ്ധതിക്ക് കൈമാറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആദ്യ കൂപ്പണ്‍ വിതരണ ഉദ്ഘാടന ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ മന്നയില്‍ അബൂബക്കര്‍, സെക്രട്ടറി സഹീര്‍ കാലടി, ശിഹാബ് ആമിയന്‍, കെ. സെയ്താലി, പി നൗഷാദ്, പി.എം.എസ്.എ പാരാമെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ ആഘോഷമാക്കാൻ ‘മ’ ഫെസ്റ്റിവലുമായി യൂത്ത് ലീ​ഗ്

Sharing is caring!