അരിയിൽ ഷുക്കൂർ ഞങ്ങളുടെ വികാരം, നീതി ലഭിക്കും വരെ പോരാടും; കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ ഞങ്ങളുടെ വികാരം, നീതി ലഭിക്കും വരെ പോരാടും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയിൽ ഷുക്കൂർ ഞങ്ങളുടെ വികാരമാണെന്നും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചന നടത്തിയവർ വിചാരണ നേരിടണം. പാർട്ടി വളരെ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തത്. കേസിന്റെ ഓരോ ഘട്ടവും നിരീക്ഷിച്ച് മുന്നോട്ട് പോകും. നീതി നടപ്പാകാൻ അവസാനം വരെ കുടുംബത്തോടൊപ്പം നിൽക്കും.

അരിയിൽ ഷുക്കൂറിനെ കൊന്നത് ഗൂഢാലോചന നടത്തി ആസൂത്രിതമായാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി കോടതി തള്ളിയത്. ഗൂഢാലോചനയിൽ തെളിവുണ്ട് എന്ന കാര്യം വ്യക്തമായത് കൊണ്ടാണ് കോടതി അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. കുറ്റക്കാർ ആരായാലും നിയമത്തിന്റെ വഴിയിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹരജികളാണ് പ്രത്യേക സിബിഐ കോടതി തള്ളിയത്. ഇരുവർക്കും എതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

ഭിന്നശേഷിക്കാരി യുവതിക്ക് നൽകിയ വാക്ക് പാലിച്ച് പി കെ കുഞ്ഞാലിക്കുട്ടി

Sharing is caring!