നിപ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

നിപ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 19) പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുക. സമ്പര്‍ക്ക പട്ടികയില്‍ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നു നൽകി വരുന്നതായും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 40 പേര്‍ ഉള്‍പ്പെടെ 265 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയായി. 7953 വീടുകളിലാണ് ഇതിനകം സര്‍വെ നടത്തിയത്. ആകെ 175 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലു മാസത്തിനിടെ രണ്ടു തവണ ന​ഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ പോലീസ് കേസ്

കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ തൃപാദി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, എന്‍.എച്ച്.എം ഡി.പി.എം ഡോ. ടി.എന്‍ അനൂപ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Sharing is caring!