ചികിൽസാ തുക നൽകിയില്ല, ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് 15,000 രൂപ പിഴ

ചികിൽസാ തുക നൽകിയില്ല, ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് 15,000 രൂപ പിഴ

മലപ്പുറം: ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇൻഷുറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മീഷൻ വിധി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് സംഖ്യ നൽകേണ്ടത്.

പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിൽസ നടത്തി. ആശുപത്രിയിൽ ഇൻഷുറൻസ് കമ്പനി നേരിട്ട് പണം അടക്കാൻ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അപ്രകാരം ബില്ലുകൾ സമർപ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു. ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.

രേഖകൾ പരിശോധിച്ച കമ്മീഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിൽസയുണ്ടായിരുന്നുവെന്നും തെളിയിക്കാൻ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും ബില്ലു പ്രകാരമുള്ള ചികിൽസാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹരജിക്കാരിക്ക് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ വിധി തിയ്യതി മുതൽ ഒമ്പതു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതിശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയിൽ പറയുന്നു.

ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി, ദുരന്തത്തിൽ വേദനിച്ച് കേരളം

Sharing is caring!