മലപ്പുറം പോലീസിൽ തലമാറ്റം, വിശ്വനാഥ് പുതിയ പോലീസ് മേധാവി

മലപ്പുറം പോലീസിൽ തലമാറ്റം, വിശ്വനാഥ് പുതിയ പോലീസ് മേധാവി

മലപ്പുറം: മലപ്പുറത്ത് പൊലീസിൽ വന്‍ അഴിച്ചുപണി. ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, താനൂർ ഡി വൈ എസ് പി വി വി ബെന്നി എന്നിവരെ സ്ഥലം മാറ്റി. ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മലപ്പുറം എസ്പി ശശിധരനെ വിജിലൻസിലേക്കാണ് മാറ്റിയത്. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

കേരള പൊലീസിനെ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾക്കു പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാരോപങ്ങൾ ഉൾപ്പെടെ ഉയർന്നതോടെയാണ് വൻ അഴിച്ചുപണി നടത്തിയത്.

പി.വി അൻവർ എംഎൽഎയാണ് പൊലീസുമായി ബന്ധപ്പെട്ട് ആരോപണം ആദ്യം ഉന്നയിക്കുന്നത്. പിന്നീട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ പരോക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഈയൊരു പശ്ചാതലത്തിലാണ് മലപ്പുറത്തെ പൊലീസിൽ അഴിച്ചുപണിക്ക് വേണ്ടിയുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിച്ചേർന്നത്.

Sharing is caring!