എം.എസ്.പി സ്കൂള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കും: ന്യൂനപക്ഷ കമ്മീഷൻ

എം.എസ്.പി സ്കൂള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കും: ന്യൂനപക്ഷ കമ്മീഷൻ

മലപ്പുറം: മലബാര്‍ സ്പെഷ്യല്‍ പൊലീസിനു (എം.എസ്.പി) കീഴില്‍, എയ്ഡഡ് പദവിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിയമസഭ സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ. സ്കൂള്‍ ഏറ്റെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങിലാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമായത്. എം.എസ്.പി കമാന്‍ഡന്റ് മാനേജരായി മേന്‍നോട്ടം നിര്‍വഹിക്കുന്ന സ്കൂളിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും കമാന്‍ഡന്റിന്റെ അധികാര പരിധിയില്‍ നിന്നും മാറ്റി സ്കൂള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കാണിച്ച് മലപ്പുറം ചീനിത്തോട് സ്വദേശി നല്‍കിയ ഹരജിയിലാണ് തീരുമാനം. എം.എസ്.പി സ്കൂളിന് വേണ്ടി കമാന്‍ഡന്റ് സിറ്റിങില്‍ ഹാജരായി.

തിരൂര്‍ തുഞ്ചത്തെഴുച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ പരാതിയും കമ്മീഷന്റെ പരിഗണനയ്ക്കെത്തി. പി.എച്ച്.ഡി പ്രവേശനത്തിനുള്ള വിദ്യാര്‍ഥികളുടെ പട്ടിക ഏഴു മാനദണ്ഡങ്ങള്‍ അനുസരിച്ച് മാര്‍ക്ക് നല്‍കിയാണ് തയ്യാറാക്കിയതെന്നും എന്നാല്‍ ഒരു മാനദണ്ഡത്തിന് പോലും ഈ വിദ്യാര്‍ഥിനിക്ക് മാര്‍ക്ക് നല്‍കിയില്ലെന്നും കമ്മീഷന് ബോധ്യപ്പെട്ടു. ഈ നടപടിയില്‍ കമ്മീഷന്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തി.

വീടിന് വിസ്തീര്‍ണം കൂടുതലാണെന്ന കാരണം പറഞ്ഞ് സാമൂഹ്യ സുരക്ഷാ പെന്‍ഷന് നല്‍കിയ അപേക്ഷ തള്ളിയെന്ന തവനൂര്‍ മറവഞ്ചേരി സ്വദേശിയുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. വീടിന് വിസ്തീര്‍ണം കൂടുതലാണെങ്കിലും നാല്പത് വര്‍ഷത്തിലധികം പഴക്കം വീടിനുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. നിലവിലെ മാനദണ്ഡപ്രകാരം ഇത്തരം അപേക്ഷകളില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് സിറ്റിങില്‍ ഹാജരായ തവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുള്ള പരാതികളില്‍ കൂടുതല്‍ ഉദാരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും.

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുക, മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ജില്ലയിലെ ജനങ്ങളുടെ മേല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യമായി ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂനപക്ഷ കമ്മീഷന് ജമാഅത്തെ ഇസ്‍ലാമി ജില്ലാ കമ്മിറ്റി നിവേദനം നല്‍കി.

സിറ്റിങില്‍ 16 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ എട്ടു പരാതികള്‍ തീര്‍പ്പാക്കി. ഏഴു പരാതികള്‍ വിശദമായ വാദം കേള്‍ക്കലിനായി അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതുതായി ഒരു പരാതിയും കമ്മീഷന് ലഭിച്ചു.

225 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്

Sharing is caring!