നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ വര്‍ധിക്കുന്നു: വനിതാകമ്മീഷന്‍

നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ വര്‍ധിക്കുന്നു: വനിതാകമ്മീഷന്‍

മലപ്പുറം: നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നു വരുന്നതായും വിദ്യാഭ്യാസത്തിനാവശ്യമായ സമയം അപഹരിക്കുന്ന രൂപത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മേലുദ്യോഗസ്ഥര്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

നിസ്സാരമായ കാര്യങ്ങള്‍ പലതും നിയമത്തിന്റെ കണ്ണിലൂടെ കണ്ട് കൊണ്ട് ഇരു കൂട്ടരും അകലുകയും പിന്നീടുണ്ടാകുന്നതെല്ലാം പരാതി രൂപത്തില്‍ കമ്മീഷന്റെ മുന്നിലേക്കെത്തുകയും ചെയ്യുന്ന പ്രവണത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ തല ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് വിവിധ തൊഴില്‍ മേഖലയിലും അല്ലാതയും പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ കേള്‍ക്കുന്നതിനായി വനിത കമ്മിഷന്റെ നേതൃത്വത്തില്‍ ‘പബ്ലിക് ഹിയറിങുകള്‍’ നടന്നു വരികയാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികളെ കേള്‍ക്കുന്ന പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ ഒന്നിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ഒരു ഇടമുണ്ട് എന്ന ബോധ്യം സ്ത്രീകള്‍ക്ക് വന്നതിനാലാണ് കമ്മീഷനില്‍ പരാതികളുടെ എണ്ണം കൂടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആകെ 85 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. മൂന്നു പരാതികള്‍ കൗണ്‍സിലിങ്ങിനായും ഒരു പരാതി ജാഗ്രതാ സമിതി റിപ്പോര്‍ട്ടിനായും മാറ്റി. ബാക്കിയുള്ള പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

മനാഫ് വധക്കേസ് പുനപരിശോധന ഹർജി പരി​ഗണിക്കുന്നത് വൈകുന്നത് പി വി അൻവറിന്റെ സ്വാധീനം മൂലമെന്ന് കുടുംബം

പരാതിക്കാരിയുടെ അറിവോടെയല്ലാതെ ലഭിച്ച പരാതിയും കമ്മീഷന്റെ പരിഗണനയ്ക്കെത്തി. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ബധിരയും മൂകയുമായ യുവതി സഹപ്രവര്‍ത്തകനെതിരെ നല്‍കിയ പരാതിയാണ് കമ്മീഷന് മുന്നിലെത്തിയത്. എന്നാല്‍ ഈ പരാതി സംബന്ധിച്ച് തനിക്കറിയില്ലെന്നും തെറ്റിദ്ധരിപ്പിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നു എന്നുമായിരുന്നു യുവതി അദാലത്തില്‍ അറിയിച്ചത്. ഓഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുവതിയെ കരുവാക്കി പരാതി നല്‍കുകയായിരുന്നുവെന്നും എതിര്‍ കക്ഷിയും യുവതിയും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വനിതാ കമ്മീഷന് ബോധ്യപ്പെട്ടു. വൈകല്യമുള്ളവരുമായി ബന്ധപ്പെട്ട ഫയലുകള്‍ നീക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗാര്‍ഹിക പീഡന പരാതി, സ്ത്രീധനം സംബന്ധിച്ച പരാതി തുടങ്ങിയവയാണ് പരിഗണനയ്ക്ക് എത്തിയവയില്‍ പ്രധാനപ്പെട്ടവ. സാമ്പത്തിക-വസ്തു തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയും ഇന്നലെ പരിഗണിച്ച പരാതികളില്‍ ഉള്‍പ്പെടുന്നു.

അഭിഭാഷകരായ സുകൃത, ടി. റിയാസ്, വനിതാ പ്രൊട്ടക്‍ഷന്‍ ഓഫീസര്‍ ടി.എം ശ്രുതി, ഫാമിലി കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, എസ്. രാജ്വേശ്വരി, വി. ഷീബ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

Sharing is caring!