വയനാട് ചൂരൽമല ഉരുൾപൊട്ടൽ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് 32 മൃതദേഹങ്ങൾ; 25 ശരീര ഭാഗങ്ങൾ

വയനാട് ചൂരൽമല ഉരുൾപൊട്ടൽ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് 32 മൃതദേഹങ്ങൾ; 25 ശരീര ഭാഗങ്ങൾ

മലപ്പുറം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേതായി ചാലിയാര്‍ പുഴയില്‍ നിലമ്പൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും. 19 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, 2 ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിരുന്നു.

ജില്ലാ ആശുപത്രിയില്‍ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ എത്തിച്ച് നിലമ്പൂരില്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാര്‍ഡുകള്‍ പൂര്‍ണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകള്‍ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരും.

ജില്ലയുടെ ചുമതല വഹിക്കുന്ന കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ , ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് , ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ , നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിനതടവ്

 

Sharing is caring!