പൊന്നാനിയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ചു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

പൊന്നാനിയിൽ മൂന്ന് മലമ്പനി  കേസുകൾ സ്ഥിരീകരിച്ചു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

പൊന്നാനി: ജില്ലയിൽ മലമ്പനി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ നടത്തുകയും, രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ വീണ്ടും രണ്ട് മലമ്പനി കേസുകൾ കണ്ടെത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോട് കൂടി പൊന്നാനിയിൽ മൂന്ന് മലമ്പനി രോഗികളെ കണ്ടെത്തിയിട്ടുണ്ട്.

പൊന്നാനിയിൽ മലമ്പനി രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നഗരസഭയിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്ന് വരുന്നുണ്ട്.
രാത്രി കാലങ്ങളിൽ കൊതുകുവല ഉപയോഗിക്കുന്നതിനും, ജനങ്ങൾ വീടുകളിൽ കൊതുകു നശീകരണ സാമഗ്രികൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കുക. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കത്തവർക്കും രോഗം ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തുവാനും, ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്ത പരിശോധയിൽ പങ്കാളിയാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

സ്ഥലത്ത് ഉറവിടനശീകരണം, ഫോഗിംഗ്, സ്പ്രേയിങ്ങ് എന്നീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവത്തകരെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആഴ്ച തുടർച്ചയായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു.അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

എന്താണ് മലമ്പനി:
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെടുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യൻറെ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.

ഓടുന്ന ബസ്സിനു മുകളിൽ വലിയ മരം വീണ് അപകടം ഒഴിവായത് വൻ ദുരന്തം

രോഗലക്ഷണങ്ങൾ:
വിറയലോട് കൂടിയ പനി, കുളിര്, തലവേദന, മേലുവേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:
* കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക .
* ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
* വീടിന് പുറത്ത് ഉറങ്ങുന്നത് ഒഴിവാക്കുക.
* കൊതുകുകടി പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക.
* ജലസംഭരണികൾ കൊതുക് കടക്കാത്തവിധം അടച്ചു സൂക്ഷിക്കുക.
* തീരപ്രദേശത്ത് കയറ്റി വച്ചിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
* മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു.
* ഇത്തരം യാത്രകൾ നടത്തിയവരും ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവരും രക്ത പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പു വരുത്തുക.
* ഒരു മാസത്തിനുള്ളിൽ പനി വന്നിട്ടുള്ളവരും രക്ത പരിശോധന നടത്തേണ്ടതാണ്.
* കൊതുക് നശീകരണം, കൊതുകിൻ്റെ ഉറവിട നശീകരണം, എന്നിവ പതിവാക്കുക.
* ആഴ്ചയിലൊരിക്കൽ ഡ്രൈഡേയ് ആചരിക്കുക.
* രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്റ്ററെ കണ്ട് ശാസ്ത്രീയ ചികിത്സ സ്വീകരിക്കുക.

Sharing is caring!