കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി

മലപ്പുറം: കുവൈത്ത് മന്‍ഖാഫിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ന്യൂനപക്ഷക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശ്രിതര്‍ക്ക് കൈമാറി. തിരൂര്‍ കൂട്ടായി കുപ്പന്റെപുരയ്ക്കല്‍ നൂഹ്, പുലാമന്തോള്‍ മരക്കാടത്ത് പറമ്പില്‍തുരുത്ത് ബാഹുലേയന്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് വീടുകളിലെത്തി മന്ത്രി ധനസഹായം കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായികള്‍ നല്‍കിയ തുകയും ചേര്‍ത്ത് 14 ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങള്‍ക്കും മന്ത്രി കൈമാറിയത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ളയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫനും രണ്ട് ലക്ഷം രൂപ വീതവുമാണ് നോര്‍ക്ക റൂട്‌സ് മുഖേന നല്‍കിയത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയതെന്ന് കൂട്ടായി കോതപറമ്പിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. സഹായം വേഗത്തില്‍ ലഭ്യമാക്കിയ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച പറമ്പില്‍തുരുത്ത് ബാഹുലേയന്റെ പുലാമന്തോളിലെ വീട്ടിലെത്തിയ മന്ത്രി, ബാഹുലേയന്റെ അച്ഛന്‍ എം.പി വേലായുധന് തുക കൈമാറി.

കൂട്ടായി കോതപറമ്പിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, വാര്‍ഡ് മെമ്പര്‍ പി ഇസ്മായില്‍, തഹസില്‍ദാര്‍ ടി കെ നൗഷാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.കെ.എം ബഷീര്‍, നോര്‍ക്ക ജൂനിയര്‍ എക്‌സിക്യൂട്ടിവ് സുഭിഷ, മംഗലം വില്ലേജ് ഓഫീസര്‍ നിഷ എസ്.ശിവാനന്ദന്‍, സി.പി ഷുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുലാമന്തോളില്‍ നടന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വാര്‍ഡ് മെമ്പര്‍ സി.മുഹമ്മദലി, തഹസില്‍ദാര്‍ ജയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം ജില്ലാ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിന് കെ എച്ച് ആർ എയുടെ ആദരം

Sharing is caring!