മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മലപ്പുറം: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തൃക്കലങ്ങോട് ഡിവിഷൻ മെംബറുമാണ്. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ പാർട്ടിയുടെ ദളിത് മുഖവുമായിരുന്നു.

2015-20 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നത്. അതിന് മുമ്പ് ജില്ലാ കൗൺസിൽ അം​ഗം, 2000-05 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്തം​ഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. പട്ടികജാതി സംസ്ഥാനതല ഉപദേശകസമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍.

ഒരു മാസത്തോളമായി അസുഖ ബാധിതനായി തിരുവനന്തപുരത്ത് ചികിൽസയിലായിരുന്നു. ഇന്നലെയാണ് പരപ്പനങ്ങാടിയിലെ പാലിയേറ്റീവ് കെയറിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് വേങ്ങര പരപ്പന്‍ചിന ശ്മശാനത്തിലാണ് സംസ്‌കാരം. മൃതദേഹം മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതുദർശനത്തിന് കൊണ്ടുവന്നു. വൈകീട്ട് അഞ്ചിന് കുന്നുംപുറം എരണിപ്പടി നാല്‍കണ്ടം മദ്രസയിലും പൊതുദര്‍ശനമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

മുസ്ലിം ലീഗ് പാർട്ടിയുടെ മതേതര മുഖം തിളക്കമുള്ളതാക്കി നിർത്തുന്നതിൽ ഉണ്ണികൃഷ്ണൻ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ആ ഒരു നിയോഗം പ്രസംഗിച്ചും പ്രവർത്തിച്ചും ഇടപെട്ടും വളരെ ഭംഗിയായി അടയാളപ്പെടുത്തിയാണ് ഉണ്ണി കൃഷ്ണൻ വിടവാങ്ങുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധി ആയിട്ട് മാത്രമല്ല മുസ്ലിം ലീഗ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായിട്ട് തന്നെയാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്. മുഴുവൻ ലീഗ് പ്രവർത്തകർക്കും പേര് പറയാതെ പരിചയപ്പെടുത്തി കൊടുക്കാതെ തിരിച്ചറിയുന്ന നേതാക്കളിൽ ഒരാളാണ് വിടവാങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ചിക്കനിൽ പുഴു കണ്ടെത്തിയ കോട്ടക്കലിലെ ഹോട്ടലിന് 50,000 രൂപ പിഴ

ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

Sharing is caring!