രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹാരിസ് ബീരാൻ
ന്യൂ ഡൽഹി: രാജ്യസഭ എം പിയായി നടത്തിയ കന്നി പ്രസംഗത്തിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് എം പി ഹാരിസ് ബീരാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെട്ടുവെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. റായ്പൂർ, മധ്യപ്രദേശ്, യു.പി, അലിഗഡ്, ലക്‌നൗ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടു. ക്രിക്കറ്റ് കളി കാണാൻ പോയ മുസ്‌ലിം യുവാവിനെ പോലും അടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. വിദ്വേഷ പ്രസംഗങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പ്രേരകമായത്. പോലീസും അന്വേഷണ സംഘങ്ങളും ഇതിനെതിരെ യാതൊന്നും ചെയ്യാതെ നിസ്സംഗരായി നോക്കി നിൽക്കുകയാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിനുണ്ടെന്നും എന്നാൽ ഒരു പ്രത്യേക സമുദായത്തെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി പോലും സംസാരിച്ചുകൊണ്ടിരുന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
ജാതി സെൻസസ് നടത്താൻ ഗവൺമെന്റ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 വളരെ വ്യക്തമായി പിന്നോക്ക സമുദായങ്ങളുടെ സർക്കാർ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ജാതി സെൻസസ് നടത്താതെ ഗവൺമെന്റ് ജോലികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് എത്തിച്ചേരാനാവില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ ജാതി സെൻസസ് ആരംഭിച്ചതായും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ക്രിമിനൽ നിയമം രാജ്യത്തെ പൗരന്മാരെയെല്ലാം സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് കൂടുതൽ അധികാരം നൽകുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കും. രാജ്യത്ത് പോലീസ് രാജ് സംഭവിക്കാൻ പുതിയ ക്രമിനൽ നിയമം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ദൗർഭാഗ്യകരമാണ്. 25 ലക്ഷം വിദ്യാർത്ഥികൾ മൂന്ന് വർഷത്തിലേറെ കഠിനാധ്വാനം ചെയ്താണ് പരീക്ഷയെഴുതാൻ വരുന്നത്. ഒരു കുട്ടിയെങ്കിലും അനർഹമായി റാങ്ക് നേടിയിട്ടുണ്ടെങ്കിൽ പരീക്ഷ റദ്ദാക്കി ഉടൻ പുനഃപരീക്ഷ നടത്തണം. അത് മാത്രമാണ് വിദ്യാർത്ഥികളോട് ചെയ്യേണ്ട നീതി. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വർഷങ്ങളായി ക്രമക്കേടുകൾ തുടരുകയാണ്. എൻ.ടി.എ തന്നെ എടുത്ത് കളഞ്ഞ് സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം പരീക്ഷകൾ നടത്താനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം വഴി മയക്കു മരുന്ന് കടത്തുന്ന സംഘം പിടിയിൽ
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]