ബിരുദ സർട്ടിഫിക്കറ്റ് കൈയിൽ നൽകി കാലിക്കറ്റ് ചരിത്രം കുറിച്ചു

ബിരുദ സർട്ടിഫിക്കറ്റ് കൈയിൽ നൽകി കാലിക്കറ്റ് ചരിത്രം കുറിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ബിരുദ ജേതാക്കൾക്ക് നേരിട്ട് സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിന് തുടക്കമായി. പാലക്കാട് ജില്ലയിലെ വിദ്യാർഥികൾക്കായി മുണ്ടൂരിലെ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലായിരുന്നു ചടങ്ങ്. അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി 2021 – 2022 അക്കാദമിക വര്‍ഷത്തില്‍ വിവിധ യു. ജി. (CBCSS-UG) കോഴ്സുകളില്‍ പ്രവേശനം നേടുകയും 2024 – ല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചവർക്കായി സർവകലാശാലാ പരിധിയിലെ അഞ്ച് ജില്ലകളിൽ ചsങ്ങ് നടത്തുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് പാലക്കാട് നടന്നത്.

സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ ആപ്തവാക്യം പോലെ മായമില്ലാത്ത പ്രവൃത്തികളിലൂടെ പുരോഗതിയിലേക്കെത്താൻ വിദ്യാർഥികൾക്ക് കഴിയട്ടെ എന്ന് വൈസ് ചാൻസലർ ആശംസിച്ചു. ആദ്യം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് ബി.എസ് സി. ബയോടെക്‌നോളജി വിദ്യാർഥിനി ടി.എം. അഖിലയാണ്. വിദൂര വിഭാഗത്തിലൂടെ ബിരുദം കരസ്ഥമാക്കിയ 63 വയസ്സുകാരൻ നെന്മാറ വിതനശ്ശേരി സ്വദേശി സി. മുരളി ഉൾപ്പെടെ ആകെ 781 വിദ്യാർഥികളാണ് പാലക്കാട് ജില്ലയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്‌.

പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. റിച്ചാർഡ് സ്കറിയ, യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. (ഡോ.) മാത്യു ജോർജ് വാഴയിൽ, പ്രിൻസിപ്പൽ ഡോ. ടോമി ആൻ്റണി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മറ്റു ജില്ലകളിലെ ബിരുദദാനച്ചടങ്ങുകൾ തൃശൂര്‍: വിമല കോളേജ് തൃശ്ശൂര്‍ – ജൂണ്‍ 26, വയനാട്: പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി – ജൂണ്‍ 28, കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂണ്‍ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട് എന്നിങ്ങനെയാണ്.

പ്ലസ് വൺ സമരം; പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Sharing is caring!