വായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

വായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

മലപ്പുറം: ഈ വര്‍ഷത്തെ വായനാപക്ഷാചരണത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എൻ പണിക്കർ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാ മിഷൻ, വിദ്യാരംഗം സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു.

നിരന്തരം നവീകരിച്ച് കൊണ്ടിരിക്കുക എന്ന ദൗത്യമാണ് വായന മനുഷ്യരിൽ നിർവഹിച്ച് കൊണ്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കാലത്തിനൊത്ത് വളരുന്ന വായനയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം. വായന പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും അനുദിനം വികാസം പ്രാപിക്കുകയുമാണ്. ലോകത്ത് സാഹിത്യകാരന്‍മാരും ആസ്വാദകരും വര്‍ധിച്ചിട്ടേയുള്ളൂ. പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, അവയുടെ ഉള്ളടക്കം വായിക്കാനും അറിയാനും ആസ്വദിക്കാനുമുള്ളതാണ്. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. സുരേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ‍ഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ വായനാദിന സന്ദേശനം നല്‍കി. പി.എം പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ഷഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി കെ.പി രമണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ വി.വി ഇന്ദിരാ ദേവി, പി.എം പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ജാഫര്‍ കക്കൂത്ത്, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.പി ഷാജു, പ്രധാനാധ്യാപിക ബി. നദീറ, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വായന ആസ്വാദന കുറിപ്പുകള്‍ അവതരിപ്പിച്ചു.

വായന ദിനത്തില്‍ വ്യത്യസ്ത സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങൾ

കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിക്കുന്ന പക്ഷാചരണം ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കും.

Sharing is caring!