ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ‘ഒപ്പം’പദ്ധതിയുമായി ജില്ലാ ഭരണകൂടം

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ‘ഒപ്പം’പദ്ധതിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം: ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ‘ഒപ്പം’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുന്‍കൈ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടോടെ ആരംഭിക്കുന്ന ആക്‌സസ് (അസോസിയേഷന്‍ ഫോര്‍ ഡിസബിലിറ്റി കെയര്‍, കംപാഷന്‍, എജ്യുക്കേഷന്‍, സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസസ്) മലപ്പുറത്തിന്റെ ആദ്യ ഘട്ടമായാണ് ‘ഒപ്പം’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ശാക്തീകരണ പരിപാടികളാണ് ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി നടത്തുക. വിദഗ്ധ പരിശീലനം നല്‍കി കേരള പി.എസ്.സി, എസ്.സ്.സി, യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കായി ഭിന്നശേഷിക്കാരെ സജ്ജരാക്കും. അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളെ കണ്ടെത്തി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും നടക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേകം വിവര ശേഖരണം നടത്തിയാണ് ഓരോ ഭിന്നശേഷിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക. ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കി സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കുന്നുണ്ട്.

മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. പരിശീലനത്തിന് തയ്യാറായ ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള വിവരശേഖരണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. പ്രത്യേകം തയ്യാറാക്കിയ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാവുന്നതാണ്. മാര്‍ച്ച് 15 വരെയാണ് വിവരണ ശേഖരണം.

വിവരശേഖരണത്തിനു ശേഷം ഭിന്നശേഷിക്കാരുടെ സ്ഥലവും വൈകല്യ സ്വഭാവവും അനുസരിച്ച് പരിശീലന പദ്ധതി ചിട്ടപ്പെടുത്തും. വിവരണ ശേഖരണത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 9539 437 826 എന്ന നമ്പറില്‍ ലഭിക്കും.

ബൈക്കിന് പിന്നില്‍ ബസിടിച്ച് മലപ്പുറത്തെ വിദ്യാര്‍ഥി കോഴിക്കോട് മരിച്ചു

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ചെസ് പരിശീലനം നല്‍കുന്ന പദ്ധതിക്കും ജില്ലയില്‍ തുടക്കമായിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കൈകോര്‍ത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി നടപ്പാക്കി വരുന്നത്. ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. സന്നദ്ധ സേവകരായ ചെസ് കളിക്കാര്‍ ഭിന്നശേഷിക്കാരുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം സന്ദര്‍ശിച്ച് അവരോടൊപ്പം ചെലവഴിക്കുകയും തുടര്‍പരിശീലനം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം.

 

Sharing is caring!