അക്ഷര കലയുടെ വിസ്മയം തീര്‍ത്ത് മഅദിന്‍ കലിഗ്രഫി എക്‌സിബിഷന്‍ ശ്രദ്ധേയമായി

അക്ഷര കലയുടെ വിസ്മയം തീര്‍ത്ത് മഅദിന്‍ കലിഗ്രഫി എക്‌സിബിഷന്‍ ശ്രദ്ധേയമായി

മലപ്പുറം: അക്ഷര മനോഹാരിതകളുടെ വര്‍ണ വിസ്മയം തീര്‍ത്ത് മഅ്ദിന്‍ അന്താരാഷ്ട്ര കലിഗ്രഫി എക്സിബിഷന് പ്രൗഢ സമാപനം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രമുഖ കലിഗ്രഫി വര്‍ക്കുകള്‍ ആസ്വദിക്കാനായെത്തിയ അക്ഷര സ്നേഹികളുടെ സംഗമ വേദി കൂടിയായി ഇത് മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുക്കണക്കിന് പേര്‍ അര്‍ഥഗര്‍ഭവും ജീവന്‍ തുടിക്കുന്നതുമായ അക്ഷര ചാരുതയെ ആസ്വദിച്ചും ഫോണില്‍ പകര്‍ത്തിയുമാണ് ഹൃദയഹാരിയായി മടങ്ങിയത്. മാസ്റ്റര്‍ കലിഗ്രഫി ട്രെയ്നറായ മുഖ്താര്‍ അഹ്മദിന്റെയും മലയാള കലിഗ്രഫി ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെയും തത്സമയ കലിഗ്രഫി ആസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു.

പ്രഗത്ഭ കലിഗ്രഫി ആര്‍ട്ടിസ്റ്റുകളുടെ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള വ്യത്യസ്ത ഇനം കലിഗ്രഫികള്‍ എക്‌സിബിഷന് മൊഞ്ചേകി. കേരളത്തിന്റെ നാനാദിക്കുകളില്‍ നിന്നും നിരവധി പേരാണ് സന്ദര്‍ശനത്തെത്തിയത്. തുര്‍ക്കി, യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പ്രമുഖ കലിഗ്രഫര്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്. കലിഗ്രഫി മേഖലയെ കേരളത്തില്‍ കൂടുതല്‍ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മഅദിന്‍ അക്കാദമി എക്സ്പോ സംഘടിപ്പിച്ചത്.

മുഈൻ അലി തങ്ങൾക്കെതിരെ ഭീഷണി; കേസെടുത്ത് മലപ്പുറം പോലീസ്
സുലുസ്, ദിവാനി, റുക്കഅ്, ഫാരിസി, മോഡേണ്‍ ആര്‍ട്ടായ സുമ്പുലി തുടങ്ങി കലിഗ്രഫിയുടെ നൂറുകണക്കിന് ഫ്രെയ്മുകളും ഹാന്‍ഡി ക്രാഫ്റ്റും അക്ഷര സ്നേഹികള്‍ക്ക് വിരുന്നായി മാറി. കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്കും ഈ രംഗത്ത് മുദ്ര പതിപ്പിക്കുകയും ചെയ്തവര്‍ക്ക് എക്‌സബിഷന്‍ വലിയൊരു പ്രചോദനമായി മാറി.

മഅ്ദിന്‍ കലിഗ്രഫി & ആര്‍ട്ട് സെന്റര്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ആഗോള തലത്തില്‍ കലിഗ്രഫിയുടെ സ്വാധീനം മികവുറ്റതാണെന്നും പൈതൃക പാരമ്പര്യ കലാ രൂപമായ കലിഗ്രഫിക്ക് പ്രചാരം നല്‍കേണ്ടത് അക്ഷര സ്നേഹികളുടെ കടമയാണെന്നും അദ്ധേഹം പറഞ്ഞു.

കലിഗ്രഫിക്ക് ആഗോള തലത്തില്‍ വലിയ സ്വാധീനമുണ്ടെന്നും എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ കലിഗ്രഫി മേഖലക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മലയാളം കലിഗ്രഫിക്ക് പ്രചാരം കിട്ടിയിട്ടില്ലെന്നും മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലിഗ്രഫി എക്‌സ് പോ പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടത്തിരി പറഞ്ഞു. അക്ഷരങ്ങള്‍ കൊണ്ടുള്ള കലാരൂപമാണ് കലിഗ്രഫിയെന്നും മഅദിന്‍ അക്കാദമി സംഘടിപ്പിച്ച എക്‌സ്‌പോ കേരളത്തിലെ കലിഗ്രഫിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഏറെ മുതല്‍ക്കൂട്ടാകുമെന്നും അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹമ്മദ് ബാംഗ്ലൂര്‍ പറഞ്ഞു.

അറബിക് കലിഗ്രഫിയിലെ മൂന്ന് ലിപികള്‍, മലയാളം കലിഗ്രഫി, ഇംഗ്ലീഷ് കലിഗ്രഫി, ഇസ്ലാമിക് ഇല്ലുമുനേഷന്‍, റസിന്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രാഫിക് ഡിസൈന്‍, ടൈപോഗ്രഫി, എംപ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയ കോഴ്‌സുകളാണ് കലിഗ്രഫി ആര്‍ട് സെന്ററില്‍ ആരംഭിക്കുന്നത്.

ജര്‍മനിയിലെ സ്റ്റുട്ട്ഗാട്ട് , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് മാനുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മകളുടെ സഹകരണത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി.

പരിപാടിയില്‍ ഡല്‍ഹി ജാമിഅ മില്ലിയ്യ ഹ്യുമാനിറ്റീസ് & ലാംഗ്വേജസ് ഫാക്കല്‍റ്റീസ് ഡീന്‍ ഡോ. ഇഖ്തിദാര്‍ അഹ്്മദ് ഖാന്‍, ഡോ. ഹിശാം മലേഷ്യ, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇഫ്തികാര്‍ അഹ്മദ് ശരീഫ് ഡല്‍ഹി, കലിഗ്രഫര്‍മാരായ അമീറുല്‍ ഇസ്്ലാം ഹൈദരാബാദ്, അബ്ദുള്ള ഫൈസില്‍ ബാംഗ്ലൂര്‍, അബ്ദുസ്സത്താര്‍ ഹൈദരാബാദ്, മഅദിന്‍ കലിഗ്രഫി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അന്‍ഫസ് വണ്ടൂര്‍, അനീര്‍ മോങ്ങം, സുലൈമാന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!