പാലിയേറ്റീവ് ഹോംകെയർ ഡ്രൈവ്; രോഗികളുടെ വീടുകൾ സന്ദർശിച്ച് ജില്ലാ കളക്ടർ

പാലിയേറ്റീവ് ഹോംകെയർ ഡ്രൈവ്; രോഗികളുടെ വീടുകൾ സന്ദർശിച്ച് ജില്ലാ കളക്ടർ

മലപ്പുറം: പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് ഹോം കെയറില്‍ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. സ്പെഷ്യല്‍ പാലിയേറ്റീവ് ഹോംകെയര്‍ ഡ്രൈവിന്റെ ഭാഗമായാണ് കളക്ടറുടെ സന്ദര്‍ശനം. ജനുവരി 15 മുതല്‍ 21 വരെയാണ് പാലിയേറ്റീവ് വാരാചരണം സംഘടിപ്പിക്കുന്നത്.

മലപ്പുറം താലൂക്കാശുപത്രി സെക്കന്‍ഡറി ടീമിന്റെ കൂടെ മലപ്പുറം മൈലപ്പുറത്തുളള ജിതിന്റെ വീടും മലപ്പുറം കുന്നുമ്മലിലെ ഖദീജയുടെ വീടും കളക്ടര്‍ സന്ദര്‍ശിച്ചു. ചെസ് കളിക്കാരന്‍ കൂടിയായ ജിതിന് കളക്ടര്‍ സ്‌നേഹോപഹാരം നല്‍കി. തൊഴിലധിഷ്ഠിത പുനരധിവാസം ആവശ്യമായ രോഗികള്‍ക്ക് അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍ അറിയിച്ചു. രോഗികളോടും ബന്ധുക്കളോടും കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 2023ലെ പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് വാരാചരണം നടത്തുന്നത്. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് കെയര്‍ വാരാചരണ പ്രമേയം.

വെറും കൈയോടെ എത്തിയ ഊരുമൂപ്പൻ മാതൻ മടങ്ങിയത് അടിസ്ഥാന രേഖകളുമായി

രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് അവരുടെ അയല്‍പക്കത്ത് തന്നെ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കുക, പരിചരണം ആവശ്യമായ എല്ലാ രോഗികളെയും കണ്ടെത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ തയാറാക്കുക, കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നത്.

അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. എ.പി അബ്ദുല്‍ നിസാര്‍, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റര്‍ പി. ഫൈസല്‍, മലപ്പുറം താലൂക്ക് ആശുപത്രി പി.ആര്‍.ഒ രേണു, സെക്കന്‍ഡറി പാലിയേറ്റീവ് നഴ്സ് ചിത്ര കൃഷ്ണ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

Sharing is caring!