നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണം: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണം: മുഖ്യമന്ത്രി

കോട്ടയ്ക്കൽ: നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയ്ക്കൽ ആയുർവേദ കോളേജ് മൈതാനിയിൽ നടന്ന കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാടാവണം നമുക്ക് വലുത്. ഇന്ന് ലോകത്തിന്റെ വികസനത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലെ ജനങ്ങൾക്കും വേണം. നാടിന്റെ വികസനത്തിനായി ആവിഷ്‌കരിക്കുന്ന, രാഷ്ട്രീയമായി ബന്ധമില്ലാത്ത പദ്ധതികളും പരിപാടികളും പോലും ബഹിഷ്‌കരിക്കുന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ എല്ലാ ഭാഗത്തും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത് ജനങ്ങളുടെ ആവശ്യമാണ്. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കുള്ള വികസന പ്രവർത്തനങ്ങൾ പ്രതീക്ഷയോടെയാണ് ആളുകൾ കാണുന്നത്. ആഗോളീകരണത്തിന് ബദൽ നയം നടപ്പാക്കുന്നതിനാൽ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാറിന്റെ ശ്രമം. എന്നാൽ ദരിദ്രനെ അതിദരിദ്രൻ ആക്കാനല്ല അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.എൻ ബാലഗോപാൽ, പി പ്രസാദ് എന്നിവർ സംസാരിച്ചു. കോട്ടയ്ക്കൽ നിയോജകമണ്ഡലം നവകേരള സദസ്സ് നോഡൽ ഓഫീസർ എൻ.എം. മുഹമ്മദ് സക്കീർ സ്വാഗതവും വൈസ് ചെയർമാൻ വി.പി സകറിയ നന്ദിയും പറഞ്ഞു.

നവവരന്റെ ജീവനെടുത്ത ബൈക്കപകടത്തിൽ പരുക്കേറ്റ യുവതിയും മരണപ്പെട്ടു

അപവാദ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും കോട്ടക്കൽ വൈദ്യശാലയിൽ പോലും മരുന്നില്ല : മന്ത്രി റോഷി അഗസ്റ്റിൻ

നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കൽ ആര്യവൈദ്യശാലയിൽപ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനും നാടിന്റെ വികസനം സംബന്ധിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്താനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഇത് മനസിലാക്കാതെയാണ് പരിപാടി ബഹിഷ്കരിക്കുന്നവരുടെ പ്രവർത്തനം.

രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. ബദൽ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാവരുടെയും സർക്കാരാണ് കേരളത്തിൽ ഇന്നുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. വിദ്യാലയങ്ങളുടെ സൗകര്യം വർധിപ്പിച്ചതോടെ സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞ് പോക്ക് ഇല്ലാതായി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പ്രാധാന്യം സർക്കാർ നൽകുന്നു. കേരളത്തിലെ സർവകലാശാലകളിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികളും പഠിക്കാനെത്തുന്നുണ്ട്. വ്യവസായ മേഖലയും ഏറെ മെച്ചപ്പെട്ടു. സാമ്പത്തിക പ്രയാസത്തിനിടയിലും കേരളത്തോട് നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ 5987 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കോട്ടക്കലിൽ 256 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിൽ: മന്ത്രി കെ.എൻ. ബാലഗോപാൽ

ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,30,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത്. കാസർകോഡ് മുതൽ പാറശാല വരെ ആറു മണിക്കൂറിൽ എത്താൻ കഴിയുന്ന വിധത്തിൽ റോഡ് വികസിക്കുകയാണ്. ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വലിയ സമരങ്ങൾ മലപ്പുറം ജില്ലയിൽ നടന്നു. ഏറ്റവും നല്ല സാമ്പത്തിക പാക്കേജ് നൽകിയപ്പോൾ സ്ഥലമെടുപ്പ് അനായാസം പൂർത്തിയായി. ആറുവരിപ്പാത രണ്ടുവർഷത്തിനകം നിർമ്മാണം പൂർത്തിയാകും. മലയോര ഹൈവേയും തീരദേശ ഹൈവേയും ജില്ലയിലൂടെ കടന്നുപോകുന്നു.

തുക മാറ്റിവെച്ചിട്ടും കേന്ദ്ര സർക്കാർ പിന്നോട്ട് പോയതിനാലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം സാധ്യമാകാത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സ്ഥലമാണ് കേരളം. എല്ലാ മേഖലകളിലും സമഗ്ര മാറ്റങ്ങൾ സാധ്യമാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന്റെ ആളോഹരി വരുമാനം വർധിച്ചു. മെച്ചപ്പെട്ട ജീവിത നിലവാരമുള്ള സംസ്ഥാനമായി കേരളം മാറി. ശാസ്ത്ര സാങ്കേതിക മേഖലയിലും കേരളം മുന്നേറുകയാണ്. നവകേരള സദസ്സിനെത്തുന്ന ജനക്കൂട്ടം സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.

Sharing is caring!