നവകേരള സദസിൽ പി വി അൻവറിനെതിരെ പരാതി, അധികഭൂമി കണ്ടുകെട്ടണം

നവകേരള സദസിൽ പി വി അൻവറിനെതിരെ പരാതി, അധികഭൂമി കണ്ടുകെട്ടണം

വള്ളിക്കുന്ന്: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന മിച്ചഭൂമി കണ്ടുകെട്ടണമെന്ന താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കണമെന്ന് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി. ഇന്നലെ രാവിലെ കാലിക്കറ്റ് സര്‍കലാശാല ഓഡിറ്റോറിയത്തില്‍ നടന്ന വള്ളിക്കുന്ന് നിയോജകമണ്ഡലം നവകേരള സദസില്‍ അന്‍വറിന്റെ മിച്ചഭൂമി കണ്ടുകെട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന്‍ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ാേര്‍ഡിനേറ്റര്‍ ചേലേമ്പ്ര സ്വദേശി കെ.വി ഷാജിയാണ് പരാതി നല്‍കിയത്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ബിനാമി ഭൂമികളിലടക്കം അന്വേഷണം നടത്തി നിയമവിരുദ്ധമായും നികുതിവെട്ടിച്ചും കള്ളപ്പണ ഇടപാടിലൂടെയും സ്വന്തമാക്കിയ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  മലപ്പുറം,  കോഴിക്കോട് കളക്ടര്‍മാര്‍ 2017ല്‍  സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു.

പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഭൂരഹിതനായ കെ.വി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.   അന്‍വറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി 6 മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ആദ്യ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാഞ്ഞതോടെ ഷാജി വീണ്ടു കോടതി അലക്ഷ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതോടെ മിച്ച ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി രണ്ടാമതും ഉത്തരവിട്ടു. എം.എല്‍.എയായ അന്‍വറിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തില്‍ കോടതി അനുവദിച്ച സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിക്കാഞ്ഞതോടെ ഷാജി വീണ്ടും കോടതി അലക്ഷ്യഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ തീര്‍പ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് ഹൈക്കോടതി പുനരാരംഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉപാധിരഹിതമായ മാപ്പപേക്ഷയോടൊപ്പം മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

പി.വി അന്‍വറിനും കുടുംബത്തിനും പ്രഥമദൃഷ്ട്യാ 22. 82 ഏക്കര്‍ഭൂമിയുണ്ടെന്ന് കണ്ടെത്തിയാണ് ലാന്റ് ബോര്‍ഡ് മിച്ച ഭൂമി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരനായ ഷാജി അന്‍വറിന്റെയും കുടുംബത്തിന്റെയും ഭൂമി സംബന്ധിച്ച 30 അധാരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകളാണ് ഹാജരാക്കിയത്. അന്‍വര്‍ സത്യവാങ്മൂലങ്ങളില്‍ മറച്ചുവെച്ച 50.49 ഏക്കര്‍ ഭൂമിയുടെ രേഖകളും ഹാജരാക്കി. ബിനാമി ഭൂമിയുടെ രേഖകളും ഇതിലുണ്ടായിരുന്നു. ഇവയെല്ലാം പി.വി അന്‍വര്‍ മറച്ചുവെച്ചതും ലാന്റ് ബോര്‍ഡ് കണ്ടെത്താത്തവയുമാണ്. ലാന്റ് ബോര്‍ഡ് കണ്ടെത്തിയ 22.82 ഏക്കര്‍ കൂടി ചേര്‍ത്താല്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും പേരിലുള്ളതും ബിനാമി ഭൂമികളുമടക്കം 73.31 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് പുറത്തുവന്നതെന്നും ഷാജി പറഞ്ഞു.

ലാന്റ് ബോര്‍ഡില്‍ തന്റെയും കുടുംബത്തിന്റെയും ഭൂമി സംബന്ധിച്ച ഒരു രേഖപോലും ഹാജരാക്കാന്‍ പി.വി അന്‍വര്‍ തയ്യാറായില്ല.
പകരം രണ്ട് വിവാഹം കഴിച്ചതായും രണ്ടാം ഭാര്യക്കും കുടുംബത്തിനും 10 ഏക്കര്‍ ഭൂമി കൂടി കൈവശംവെക്കാന്‍ അനുവദിക്കണമെന്നതടക്കമുള്ള ഇളവുകളാണ് ആവശ്യപ്പെട്ടത്. പി.വി അന്‍വര്‍ എം.എല്‍.എയും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്തും പീവീആര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് പാര്‍ടണര്‍ഷിപ്പ് ഫേം രൂപീകരിച്ച് പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന വാട്ടര്‍തീം പാര്‍ക്കിനായി 11 ഏക്കര്‍ ഭൂമി വാങ്ങിയത് ഭൂപരിഷ്‌ക്കരണ നിയമം മറികടക്കാനാന്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നും ഇത് ലാന്റ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചമച്ച രേഖയാണെന്നും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഥറൈസ്ഡ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് അഭിവാന്ദ്യം അര്‍പ്പിക്കാന്‍ എടപ്പാളില്‍ കുട്ടികളെ നട്ടുച്ചക്ക് റോഡില്‍ അണിനിരത്തി

ഭൂമി രജിസ്‌ട്രേഷനില്‍ കേരള സ്റ്റാമ്പ് ആക്ട് ലംഘിച്ചതായും കണ്ടെത്തിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടിന് വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യാത്ത അന്‍വറും ഭാര്യയും ചേര്‍ന്ന് ഭൂപരിഷ്‌ക്കരണ നിയമം മറികടക്കാനായി വാങ്ങിയ പാര്‍ടണര്‍ഷിപ്പ് ഡീഡിന്റെ പേരിലും ലാന്റ് ബോര്‍ഡ് നിയമവിരുദ്ധമായ ഇളവനുവദിക്കുകയാണുണ്ടായത്. പി.വി അന്‍വറിന് എല്ലാ വഴിവിട്ട ഇളവുകള്‍ അനുവദിച്ചിട്ടും ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അന്‍വറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ 2023 ആഗസ്റ്റ് 26ന് ന് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം പി.വി അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും പി.വി അന്‍വര്‍ സ്വമേധയാ മിച്ചഭൂമി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയോ നിയമാനുസൃതം നടപടിയെടുക്കേണ്ടുന്ന തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടുകയോ ചെയ്തിട്ടില്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരഹിതരില്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ട് വെച്ച നവകേരള നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇടതുപക്ഷ എം.എല്‍.എ തന്നെ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

Sharing is caring!