നവകേരള സദസ് നടക്കുന്ന വേദികളിൽ ​ഗതാ​ഗത നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നവകേരള സദസ് നടക്കുന്ന വേദികളിൽ ​ഗതാ​ഗത നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരൂർ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് നടക്കുന്ന വേദികൾക്ക് സമീപം നാളെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. തിരൂർ, പൊന്നാനി, തവനൂർ, ഉണ്ണ്യാൽ എന്നിവിടങ്ങളിലാണ് വിവിധ സമയങ്ങളിലായി ​ഗതാ​ഗത നിയന്ത്രണം.

പൊന്നാനി
നാളെ രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എടപ്പാളിൽ നിന്ന് പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങൾ ചന്തപ്പടി-പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്-ഉറൂബ് നഗർ വഴി ആനപ്പടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആളെയിറക്കണം. കുണ്ടുകടവിൽ നിന്ന് മാറഞ്ചേരി വഴി വന്നേരിയിലേക്ക് പോകുന്ന വാഹനങ്ങൾ പുതുപൊന്നാനി- വെളിയങ്കോട് – പാലപ്പെട്ടി വഴി പെരുമ്പടപ്പിലെത്തി തിരിച്ചുപോകണം. ചാവക്കാട് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചമ്രവട്ടം ഹൈവേ വഴിയാണ് കുറ്റിപ്പുറത്തേക്ക് പോകേണ്ടത്. തിരൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ബി.പി അങ്ങാടി വഴി കുറ്റിപ്പുറത്തെത്തി വേണം യാത്ര തുടരാൻ. നരിപ്പറമ്പ് മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ രാവിലെ 7.30 മുതൽ 11 വരെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഈ വാഹനങ്ങൾ ഹൈവേ വഴി പോവണം. ചന്തപ്പടിയിൽ നിന്ന് കോടതിപ്പടിവരെ യാത്ര വൺവേ ആയിരിക്കും. ഈ റോഡിന് ഇരുവശവും എല്ലാതരം വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നവകേരള സദസ്സിന് വരുന്ന എല്ലാ വാഹനങ്ങളും രാവിലെ ഒമ്പതിന് മുമ്പായി ഹാർബറിൽ പ്രവേശിക്കണം. ഒമ്പത് മണിക്ക് ശേഷം വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ആളെയിറക്കി എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കരിപ്പൂരിൽ നിന്നും ഒരാഴ്ച്ചക്കിടെ പിടികൂടിയത് 52 കോടി രൂപയുടെ സ്വർണം

എടപ്പാൾ
തവനൂർ മണ്ഡലം നവകേരളസദസ്സ് നടക്കുന്ന എടപ്പാളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ഏഴുമണി വരെ ഗതാഗത നിയന്ത്രണമുണ്ടാവും. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലൂടെ സർവീസ് നടത്തുന്ന എല്ലാ ബസുകളും തൃശ്ശൂർ റോഡിൽ ദാറുൽഹിദായയ്ക്കു മുൻപിലും കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിനു മുൻപിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് മേൽപ്പാലംവഴി യാത്ര തുടരണം. ഈ റൂട്ടിലെ കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങൾ കണ്ടനകം, വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം വഴി സംസ്ഥാനപാതയിലെത്തിയും നടുവട്ടം അത്താണി വഴിയും പോകണം.

പട്ടാമ്പി റോഡിലേക്കുള്ള യാത്രക്കാരെ പെട്രോൾപമ്പിന് മുൻവശത്ത് വാഹനം നിർത്തി കയറ്റണം. പൊന്നാനി-പട്ടാമ്പി ബസുകൾ വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം, അയിലക്കാട്, അംശക്കച്ചേരി (അല്ലെങ്കിൽ അത്താണി) വഴിയും തിരിച്ചും യാത്ര തുടരണം.
കുറ്റിപ്പുറം, തവനൂർ, കുമ്പിടി ബസുകൾ ഗോവിന്ദ തിയേറ്റർവരെ വന്ന് തിരിച്ചുപോകണം. ചങ്ങരംകുളം, കൂനംമൂച്ചി, അത്താണി, കുന്നംകുളം ബസുകൾ ദാറുൽഹിദായവരെ വന്ന് തിരിച്ചുപോകണം.
പട്ടാമ്പി റോഡിലെ സഫാരി മൈതാനം മുതൽ അംശകച്ചേരി വരെയും അണ്ണക്കമ്പാട് മുതൽ ദാറുൽഹിദായ വരെയും സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. മേൽപ്പാലത്തിനുതാഴെ ഇരുചക്രവാഹനമടക്കം ഒരു വാഹനവും പാർക്ക്ചെയ്യാൻ പാടില്ല.

ഷാർജയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു

തിരൂർ
നവകേരള സദസ്സിന് എത്തുന്ന ബസ്സുകൾ ആളുകളെ ഇറക്കിയതിനു ശേഷം പോലീസ് ലൈൻ ട്രഞ്ചിങ് ഗ്രൗണ്ട് റോഡിലും എൻഎസ്എസ് സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ പഞ്ചമി സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ബിപി അങ്ങാടി ഭാഗത്തു നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ പാട്ടുപറമ്പ് ക്ഷേത്രത്തിന് മുമ്പിലുള്ള ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
മറ്റ് വലിയ വാഹനങ്ങൾ നരിപ്പറമ്പ് നിന്നും ചമ്രവട്ടം പാലം കയറാതെ ഹൈവേ വഴി തിരിഞ്ഞു പോകണം.

ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ബി പി അങ്ങാടിയിൽ നിന്നും തെക്കൻ കുറ്റൂർ വഴി ഏഴൂർ റോഡിൽ പ്രവേശിച്ച് തിരൂർ ബസ്റ്റാന്റിൽ എത്തണം. തിരൂരിൽ നിന്നും പോകുന്നവ എഴൂർ റോഡ് പുല്ലുർ വഴി ബി പി അങ്ങാടി റോഡിൽ പ്രവേശിക്കണം.

ഉണ്യാൽ
ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി എട്ട് വരെ താനൂർ ഉണ്യാാൽ ജംഗ്ഷനിൽ നിന്നും തീരദേശ റോഡിലൂടെ കൂട്ടായി ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ കടത്തിവിടില്ല. കൂട്ടായി ഭാഗത്തുനിന്നും താനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പറവണ്ണ ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് തിരിഞ്ഞ് മുറിവഴിക്കൽ, പഞ്ചാരമൂല വഴി യാത്ര ചെയ്യണം. താനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചക്കരമൂല, മൂലക്കൽ വഴി താനൂരിലേക്ക് പോകണം.

ഉണ്യാൽ സ്റ്റേഡിയത്തിലേക്കും താനൂർ തീരദേശ റോഡിലൂടെയും വരുന്ന വാഹനങ്ങൾ അഴിക്കൽ ഭാഗത്തുനിന്നും ബീച്ച് റോഡിലൂടെ കയറി പറവണ്ണ ഭാഗത്തേക്ക് പോകുകയും ആളുകളെ ഇറക്കിയ ശേഷം ബീച്ച് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. പൂക്കയിൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പഞ്ചാരമൂല ഭാഗത്ത് ആളുകളെ ഇറക്കി മുറിവഴിക്കൽ വഴി പറവണ്ണ ഭാഗത്തെ റോഡ് അരികിലും സ്‌കൂളുകളിലും പാർക്ക് ചെയ്യണം.
അഴിക്കൽ, പഞ്ചാരമൂല, പറവണ്ണ ഭാഗത്തുനിന്നും ഉണ്യാൽ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല.

Sharing is caring!