ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിന്റെ ചരിത്രവും രീതിയും ഇ പി ജയരാജന് അറിയില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അവസാന വാക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടേതാണ്. ലീഗില്‍ ഒരു രീതിയാണുള്ളത്. അത് കാലാകാലങ്ങളായി തുടരുന്നതുമാണ്. ഏത് സ്ഥാനത്തിരുന്നാലും പാണക്കാട് തങ്ങള്‍മാര്‍ പറയുന്നതിന് വിരുദ്ധമായി നിന്നിട്ടില്ല. തക്കസമയത്ത് യുക്തമായ തീരുമാനം തങ്ങള്‍ എടുക്കുമെന്നാണ് രാഷ്ട്രീയ വിവാദ സമയങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അതിനെ മാധ്യമങ്ങള്‍ പലപ്പോഴും പരിഹസിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് യു.ഡി.എഫ് വിടുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുകയെന്ന സാദിഖലി തങ്ങളുടെ നിലപാടിന് പിന്നാലെ ലീഗിലെ ചില നേതാക്കന്മാര്‍ എല്‍.ഡി.എഫില്‍ വരുമെന്ന സൂചന നല്‍കി ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവന തള്ളിക്കൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒട്ടിയ വയറുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ യുഡിഎഫിനേ കഴിയൂ. ഇവര്‍ ബസ് വിട്ടു നടക്കുന്നത് വെറുതെയാണ്. ശമ്പളം കിട്ടാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കാണുമ്പോള്‍ പേടിയാണ്. ഗുരുതരമായ പ്രശ്‌നമാണത്.

ഇത്തരം വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പോവുകയാണ്.സര്‍ക്കാറിനെതിരെ തീവ്രമായ കാമ്പയിനുമായി ഇറങ്ങുകയാണ്. ഈ സര്‍ക്കാറിനെ കുറിച്ച് ജനങ്ങള്‍ക്ക് തീരെ അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടെന്ന് യുഡിഎഫ് ജനങ്ങളോട് പറയുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.മാധ്യമപ്രവര്‍ത്തകര്‍ വരികള്‍ക്കിടയില്‍ വായിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഓരോ വിഷയത്തിലും ലീഗിന് ലീഗിന്റെതായ അഭിപ്രായമുണ്ടാവും. കോണ്‍ഗ്രസിന് അവരുടെ അഭിപ്രായവുമുണ്ടാവും. അതിനര്‍ഥം മുന്നണിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നല്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!