നവകേരള സദസിനെ രാഷ്ട്രീയ വേദിയായി കാണരുതെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നവകേരള സദസിനെ രാഷ്ട്രീയ വേദിയായി കാണരുതെന്ന് മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം: നവകേരള സദസ്സിൽ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷ ജനപ്രതിനിധികൾ അടക്കം എത്തണമെന്ന് സംഘാടന സമിതി ചെയർമാൻ മന്ത്രി വി അബ്ദുറഹിമാൻ. പ്രതിപക്ഷ ജനപ്രതിനിധികൾ സദസ് ബഹിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പ്രതികരണമായാണ് മന്ത്രി ഇത് പറഞ്ഞത്. നവകേരള സദസിനെ രാഷ്ട്രീയ വേദിയായി കാണേണ്ടതില്ല. അതിനാൽ തന്നെ എല്ലാവരും പങ്കെടുക്കണമെന്നാണ് ആ​ഗ്രഹമെന്ന് മന്ത്രി പറഞ്ഞു.

മഹത്തായ ലക്ഷ്യങ്ങൾ നേടുന്നതിനായി പ്രവർത്തിക്കുകയും അസാധ്യമെന്നു കരുതിയ കാര്യങ്ങൾ നടപ്പിലാക്കുകയുമാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാർ. ഒരിക്കലും നടക്കില്ലെന്നു പലരും വിധിയെഴുതിയ നിരവധി കാര്യങ്ങൾ കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സർക്കാർ നടപ്പിലാക്കി. തടസ്സവാദങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയോടെയാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നത്. ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളുടെ താല്പര്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഈ ചിന്തയോടെയാണ് ബഹു. മുഖ്യമന്ത്രിയുടെയും മുഴുവൻ മന്ത്രിമാരുടെയും നേതൃത്വത്തിൽ ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നവംബർ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഡിസംബർ 24 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയെ വിമർശിച്ചു; കൊണ്ടോട്ടിയിലെ വ്ലോ​ഗർക്ക് സൈബർ ആക്രമണം

ഓരോ ഫയലും ഓരോ ജീവിതമാണ് എന്നതാണ് ബഹു. മുഖ്യമന്ത്രി എടുത്തു പറയാറുള്ള സർക്കാറിന്റെ പൊതുനിലപാട്. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് മുതൽ താഴേതട്ട് വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ സർക്കാർ മുൻഗണന നൽകിയത്. തുടർന്ന് ജനകീയ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ മുതൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ വരെ പൂർത്തിയാക്കിയതിന്റെ അടുത്ത ഘട്ടമാണ് നിയോജക മണ്ഡലതല നവകേരള സദസ്സുകൾ. മേഖലാ അവലോകന യോഗങ്ങളിൽ ഓരോ ജില്ലയിലെയും മുൻഗണനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും കണ്ടെത്തിയിരുന്നു. ഇനി വരുന്ന ജനസദസ്സുകളിൽ ജനങ്ങൾക്ക് അവരുടെ വികസന സങ്കല്പങ്ങൾ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും സംവദിക്കാനും അവസരമുണ്ട്. മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന ഒരനുഭവം മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ല. നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനാണ് ഈ ഉദ്യമം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും വിപുലമായ സംവിധാനങ്ങളുണ്ട്.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ

നവംബർ 27 മുതൽ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക. ഓരോ മണ്ഡലം സദസ്സിലും 15,000 ത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

പ്രഭാത സദസ്സുകളിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ-യുവജന-വിദ്യാർത്ഥി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. തിരൂർ, തവനൂർ, പൊന്നാനി, താനൂർ മണ്ഡലങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ ആദ്യ പ്രഭാത സദസ്സിൽ പങ്കെടുക്കും.

തുടർന്ന് അന്നേ ദിവസം രാവിലെ 11 ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂർ മണ്ഡലം സദസ്സ് എടപ്പാൾ സഫാരി പാർക്കിലും, 4.30 ന് തിരൂർ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂർ മണ്ഡലം ജനസദസ്സ് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.

നവംബർ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കൽ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയുർവേദ കോളേജ് ഗ്രൗണ്ടിലും നടക്കും.

നവംബർ 29 ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ എട്ട് മണ്ഡലങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

നവംബർ 30 ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ പൊന്ന്യാകുറിശ്ശി ശിഫാ കൺവെൻഷൻ സെന്ററിൽ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകുന്നരേം ആറിന് നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളിൽ എം.എൽ എ മാർ ഉൾപ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

സംഘാടനം

സംസ്ഥാനതലത്തിൽ നവകേരള സദസ്സിന്റെ ഏകോപനം പാർലമെന്ററികാര്യ മന്ത്രിയാണ് നിർവഹിക്കുന്നത്. ജില്ലകളിലെ സംഘാടനം ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കും നടത്തിപ്പ് ചുമതല ജില്ലാ കളക്ടർമാർക്കുമാണ്. അതത് മണ്ഡലത്തിലെ എം.എൽ.എ, മുൻ എം.എൽ.എ, മറ്റേതെങ്കിലും ജനപ്രതിനിധി അല്ലെങ്കിൽ പൊതുസമ്മതനായ പ്രമുഖ വ്യക്തിയോ ആണ് സംഘാടക സമിതി ചെയർമാൻ. പഞ്ചായത്ത്തല സംഘാടക സമിതി ചെയർമാൻ തദ്ദേശസ്ഥാപന ചെയർപേഴ്‌സണോ പ്രതിപക്ഷ നേതാവോ ആയിരിക്കും.

മലപ്പുറം ജില്ലയിൽ എ.ഡി.എം എൻ.എം മെഹറലിയാണ് ജില്ലാതല നോഡൽ ഓഫീസർ. സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ് എന്നിവരാണ് സബ് ഡിവിഷണൽ നോഡൽ ഓഫീസർമാർ. 16 മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസർമാരാണ് നോഡൽ ഓഫീസർമാർ. ഓരോ താലൂക്കിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ ചാർജ്ജ് ഓഫീസർമാരും താലൂക്ക് തഹസിദാർമാർ കൺവീനർമാരുമാണ്. പത്തിലധികം സബ് കമ്മിറ്റികൾ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ ജില്ലാ തല ഓഫിസർമാരെ നോഡൽ ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്.

പരാതികൾ സ്വീകരിക്കാൻ സൗകര്യം

നവകേരള സദസ്സിനെത്തുന്നവരിൽ നിന്നും പരാതി സ്വീകരിക്കാൻ വേദികളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാത്തിരിപ്പില്ലാതെ പരാതി നൽകാവുന്ന രീതിയിൽ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതം സജീകരിക്കും. സ്ത്രീകൾ, മുതിർന്ന പൗരൻമാൻ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തും. നവകേരള സദസ്സ് തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടി അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ച ശേഷമേ കണ്ടറുകൾ അടക്കു. പരാതിക്കാർക്ക് കൈപ്പറ്റ് രസീത് നൽകും.

സ്വീകരിച്ച പരാതികൾ കളക്ടറേറ്റിൽ എത്തിച്ച് ഇതിനായി തയ്യാറാക്കിയ വെബ് അപ്ലിക്കേഷനിൽ ഡാറ്റാ എൻട്രി നടത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പോർട്ടൽ മുഖേന കൈമാറും. ഇവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നൽകും. കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ള കേസുകളിൽ നാലാഴ്ചയ്ക്കകം തീർപ്പുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളിൽ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നൽകും.

സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണും. ഇതിനായി ജില്ലാതല ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് സഹിതം ഫയൽ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നൽകണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Sharing is caring!