ബി ജെ പി തീരദേശ യാത്രയ്ക്ക് നാളെ തുടക്കമാകും

ബി ജെ പി തീരദേശ യാത്രയ്ക്ക് നാളെ തുടക്കമാകും

മലപ്പുറം: തീരദേശമേഖകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് രവീതേലത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന തീരദേശ യാത്രയ്ക്ക് നാളെ തുടക്കം. ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടി, സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശേഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുന്ന് ദിവസങ്ങളിലെ യാത്ര ഉദ്ഘാടനം ചെയ്യും. വാഹനപ്രചാരണത്തിന്റെ രൂപത്തിലുള്ള തീരദേശയാത്രയില്‍ പ്രധാനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണ പരിപാടികള്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രശ്മില്‍ നാഥ്, രതീഷ് എന്നിവര്‍ യാത്രയുടെ കോര്‍ഡിനേറ്ററായും ഡയറക്ടറായും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കും.

നാളെ പൊന്നാനി കുണ്ട്കടവ് ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന തിരദേശ യാത്രയുടെ ഉദ്ഘാടനം ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും. 10ന് (വെള്ളി) രാവിലെ 9.30ന് പാലപ്പെട്ടിയില്‍ നിന്നും തുടങ്ങുന്ന യാത്ര വെളിയംകോട്, കൊല്ലപ്പടി, നരിപ്പറമ്പില്‍ ഉച്ചയ്ക്ക് 12 ഓടെ അവസാനിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് ആലത്തൂരില്‍ നിന്നും തുടങ്ങി പടിഞ്ഞാറെക്കര, വെട്ടം പടിയം, പറവെണ്ണ, തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് വൈകുന്നേരം 5.30ഓടെ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

11ന് (ശനി) രാവിലെ 9.30ന് ഉണ്ണിയാലില്‍ നിന്നും ആരംഭിച്ച് പുതിയകടപ്പുറം, താനൂര്‍ അങ്ങാടി, താനൂര്‍ ബസ്റ്റാന്റ് പരിസരത്ത് ഉച്ചയ്ക്ക് 12 ഓടെ സമാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പരപ്പനങ്ങാടിയില്‍ നിന്നും തുടങ്ങി ചെട്ടിപ്പടി, അരിയല്ലൂര്‍, ആനങ്ങാടിയില്‍ വൈകുന്നേരം 5.30ഓടെ യാത്ര സമാപിക്കും. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശേഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ജില്ലാ അദ്ധ്യക്ഷന്‍മാരായ ജനചന്ദ്രന്‍, നാരായണന്‍ തുടങ്ങിയ മുതിര്‍ന്ന് നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യാത്രയുടെ ഭാഗമാവും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധമുള്ള സഹായങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്കും തീരദേശ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരികയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീതേലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയമാക്കിയതോടെ ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കപ്പെട്ടു. തിരദേശ മേഖലകളില്‍ ആധുനിക വത്ക്കരണങ്ങളുടെ ഭാഗമായി താമസയേഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കി, മത്സ്യബന്ധനത്തിനുള്ള ആധുനിക വത്ക്കരിച്ചുള്ള ബോട്ടുകള്‍, യാനങ്ങള്‍, വീട് നിര്‍മ്മാണത്തിലെ ബുധിമുട്ട് പരിഹരിക്കുന്നതിനായി 200 മീറ്റര്‍ എന്ന സീ ആക്റ്റ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തി 50 മീറ്ററായി കുറച്ചു, തീരദേശ മേഖലില്‍ അഞ്ച് സ്‌കൂളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ഇത്തരത്തില്‍ തിരദേശമേഖലയ്ക്ക് ഗുണകരമായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. വിവിധ പദ്ധതികള്‍ മോദി സര്‍ക്കാരിന്റെതാണെന്ന് അറിയാത്ത നിരവധി പേര്‍ തിരദേശത്തുണ്ട്. കേന്ദ്രത്തിവന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും ഇടതുപക്ഷം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്രത്തിന്റെ പദ്ധതികള്‍ എണ്ണി പറഞ്ഞുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടായിരിക്കും ബിജെപി തീരദേശ യാത്ര സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ ഭാഗം ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായാണ് ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തീരദേശ യാത്ര സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രശ്മില്‍ നാഥ്, രതീഷ് എന്നിവരും പങ്കെടുത്തു.

Sharing is caring!