നവകേരള സദസ്സ്; ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

നവകേരള സദസ്സ്; ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മലപ്പുറം: നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളില്‍ നിന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന് മലപ്പുറം ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നവംബര്‍ 27 മുതല്‍ 30 വരെ ജില്ലയിലെ 16 മണ്ഡലങ്ങളിലായാണ് മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്.

ഓരോ മണ്ഡലത്തിലെയും വിവിധ വിഭാഗത്തിലുള്ള ജനങ്ങളുമായി സംവദിച്ചാണ് ജനസദസ്സ് മുന്നോട്ട് പോവുക. നവകേരളത്തിനായുള്ള ആശയ രൂപീകരണത്തിനായി വീട്ടമ്മമാരുള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വിധത്തിലാണ് ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി വീട്ടുസദസ്സുകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി കമ്മിറ്റികളും ഉപ കമ്മിറ്റികളും രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്ക് തല അദാലത്തുകള്‍ മുതല്‍ മേഖലാ അവലോകന യോഗങ്ങള്‍വരെ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള ബഹുജന സദസ്സ് സംഘടിപ്പിക്കുന്നത്.

16 മണ്ഡലങ്ങള്‍ 16 വേദികള്‍

നവകേരള സദസ്സിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും പരിഗണനയിലുണ്ടായിരുന്ന വേദികള്‍ കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെട്ട സംഘം സന്ദര്‍ശനം പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് വേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.

നവംബര്‍ 27ന് തിരൂര്‍ മണ്ഡലത്തിലെ ബിയാന്‍കോ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 11ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലം തല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂര്‍ മണ്ഡലം സദസ്സ് എടപ്പാള്‍ സഫാരി പാര്‍ക്കിലും, 4.30ന് തിരൂര്‍ മണ്ഡലം സദസ്സ് ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂര്‍ മണ്ഡലം സദസ്സ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.

ചികിൽസയുടെ മറവിൽ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധൻ അറസ്റ്റിൽ

നവംബര്‍ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും, വേങ്ങര മണ്ഡലം വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും, കോട്ടക്കല്‍ മണ്ഡലം വൈകുന്നേരം ആറിന് ആയൂര്‍വേദ കോളേജ് ഗ്രൗണ്ടിലും നടക്കും.

നവംബര്‍ 29ന് രാവിലെ 9 ന് മലപ്പുറത്ത് പ്രഭാത സദസ്സ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം വൈകുന്നേരം മൂന്നിന് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മങ്കട മണ്ഡലം വൈകുന്നേരം 4.30ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

നവംബര്‍ 30ന് രാവിലെ 9 ന് പെരിന്തൽമണ്ണയിൽ പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും, വണ്ടൂര്‍ മണ്ഡലം വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, പെരിന്തല്‍മണ്ണ മണ്ഡലം വൈകുന്നരേം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും.

പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം സൗകര്യം

നവകേരള സദസ്സ് നടക്കുന്ന ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനായി സംവിധാനം ഒരുക്കും. പരാതികള്‍ സമര്‍പ്പിക്കുന്നവര്‍ക്കുള്ള സൗകര്യാര്‍ത്ഥം പ്രധാന പന്തലില്‍ നിന്ന് മാറിയായിരിക്കും ഇതിനുള്ള പന്തല്‍ ഒരുക്കുക. സ്ത്രീകള്‍ക്കും വിഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം കൗണ്ടുകളും പരാതികള്‍ നല്‍കുന്നവര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നതിനും സൗകര്യമൊരുക്കും. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള നവകേരള സദസ്സുകളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ജില്ലാതലങ്ങളില്‍ പരിശോധിക്കേണ്ട പരാതികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാനതലത്തില്‍ പരിശോധിക്കേണ്ട പരാതികള്‍ അതത് വകുപ്പു സെക്രട്ടറിമാര്‍ക്കും ഒരാഴ്ചയ്ക്കകം കൈമാറും.

Sharing is caring!