നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി ന​ഗരത്തിൽ ​ഗതാ​ഗത പരിഷ്ക്കരണം

നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി ന​ഗരത്തിൽ ​ഗതാ​ഗത പരിഷ്ക്കരണം

കൊണ്ടോട്ടി: ടി.വി. ഇബ്രാഹിം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി യുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി ന​ഗരത്തിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം വിലയിരുത്തി. ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ഭാഗത്ത് നിന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ പഴയങ്ങാടി-പോലീസ് സ്റ്റേഷൻ വഴി പഴയ ബസ് സ്റ്റാന്റിലൂടെ പോവണം. രാമനാട്ടുക്കര, യൂണിവേഴ്‌സിറ്റി, തുടങ്ങി പടിഞ്ഞാറ് ഭാഗത്തുനിന്നും വരുന്ന മിനി ബസുകൾ ബൈപ്പാസ് വഴി ബസ് സ്റ്റാന്റിലേക്ക് കയറേണ്ടതും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ ബസുകളും ബൈപ്പാസ് വഴി ബസ് സ്റ്റാന്റിൽ കയറേണ്ടതുമാണ്. (പഴയ സ്ഥിതി തുടരുക).

മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽ നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള എല്ലാ ബസുകളും ബൈപ്പാസ് വഴി ബസ് സ്റ്റാന്റിൽ കയറി പോവണം (നിലവിലെ സ്ഥിതി തുടരുക). അരീക്കോട് ഭാഗത്തു നിന്നും വരുന്ന ബസുകൾ കുറുപ്പത്ത് ജംഗ്ഷൻവഴി ബൈപ്പാസ് റോഡിലൂടെ ബസ് സ്റ്റാന്റിൽ പ്രവേശിക്കേണ്ടതും മറ്റു എല്ലാ വാഹനങ്ങളും കുറുപ്പത്ത് ജംഗ്ഷൻവഴി ബൈപ്പാസ് റോഡിലൂടെ പോവണ. പ്രധാന റോഡിൽ (പഴയങ്ങാടി പൊലീസ് സ്റ്റേഷൻ റോഡ്) കൊണ്ടോട്ടി 17 മുതൽ കുറുപ്പത്ത് ജംഗ്ഷൻ വരെ മലപ്പുറം, മഞ്ചരി ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം
അനുവദിക്കുകയുള്ളൂ. ഈ ഭാഗത്തേക്ക് പൂർണ്ണമായും വൺവേ സംവിധാനം നിലവിൽ വരും.

തങ്ങൾസ് റോഡിലെ ജനതാബസാർ ജംഗ്ഷൻ മുതൽ മുത്തളം വരെ പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഈ ഭാഗത്തേക്ക് പൂർണ്ണമായും വൺവേ സംവിധാനം നിലവിൽ വരും. തങ്ങൾസ് റോഡിൽ സ്റ്റാർ ജംഗ്ഷൻ മുതൽ മെയിൽ റോഡ് (എ.ഇ.ഒ ഓഫീസ്) വരെ നിലവിലുള്ള വൺവേ സംവിധാനം കർശനമായി തുടരും. രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയായിരിക്കും ട്രാഫിക് നിയന്ത്രണങ്ങൾ ബാധകമാവുക.

ടൗണിലെ പ്രധാന ഭാഗങ്ങളിലെ അനധികൃത പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കും. അത്യാവശ്യങ്ങൾക്കായി നിർത്തുന്ന വാഹനങ്ങൾ അര മണിക്കൂറിലധികം സമയം പാർക്ക് ചെയ്യാൻ പാടുള്ളതല്ല. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമുള്ള സമയങ്ങളിൽ റോഡ് സൈഡിൽ വാഹനങ്ങൾ നിർത്തി കച്ചവട സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും നിരോധിക്കും. എൻ.എച്ച് റോഡിൽ കൊണ്ടോട്ടി സർവ്വീസ് സഹകരണ ബാങ്ക് മുതൽ എം.ഡി.സി ബാങ്ക് വരെയുള്ള എല്ലാ അനധികൃത പാർക്കിംഗുകളും ഒഴിവാക്കാനും ടൗണിലെ പാർക്കിങ്ങിന് സ്വകാര്യ ഭൂമികൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചു.

നഗരത്തിൽ ആവശ്യമായ സൈൻ/മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ആയതിന് ആവശ്യമായ ബോർഡുകളുടെ തരം, സൈസ്, എണ്ണം തുടങ്ങിയവ കണക്കാക്കുന്നതിനായി ട്രാഫിക് പൊലീസ്, എം.വി.ഐ, പി.ഡിബ്ലിയു.ഡി, നഗരസഭാ ഓവർസീയർ എന്നിവർ സംയുക്ത പരിശോധന നടത്തുകയും വിവരങ്ങൾ രണ്ട് ദിവസത്തിനകം നഗരസഭാ സെക്രട്ടറിക്ക് കൈമാറുകയും ചെയ്യും. കച്ചവടക്കാർ അനധികൃതമായി ഇറക്കിക്കെട്ടിയത് അടിയന്തിരമായിbഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു. ആയത് രണ്ടു ദിവസത്തിനകം നോട്ടീസ് നൽകുന്നതിനും ഒരാഴ്ച്ചക്കം പൊളിച്ചു മാറ്റാത്ത കച്ചവടക്കാർക്കെതിരെ പിഴ ചുമത്തുന്നതിന് വേണ്ട നടപടിയെടുക്കുന്നതിനും തീരുമാനമായി. ഇതിനായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭാ അസി.എഞ്ചിനീയർ, സി.സി.എം എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.

ഖാസിയാരകം ചീനിക്കൽ തോടിന് മുകളിലും പോസ്റ്റോഫീസ് ബൈപ്പാസ് ആലുങ്ങൽ ഇടവഴിയും സ്ലാബ് നിർമ്മിച്ച് കാൽ നട യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കുമുള്ള ലിങ്ക് റോഡ് നിർമ്മിക്കണമെന്ന യോഗം അഭിപ്രായപ്പെട്ടു. നിലവിലുള്ള വൺവേ സംവിധാനം കർശനമായി തുടരുന്നതാണ്.
അനുമതിയോടു കൂടി നിർമ്മിച്ച കെട്ടിടത്തിൽ നിന്നും ഷെഡ് കെട്ടി പുറത്തേക്ക് ഇറക്കി വെച്ച് നടത്തുന്ന മുഴുവൻ കച്ചവടങ്ങളും ഒഴിവാക്കണം. ട്രാഫിക് പരിഷ്‌ക്കരണം ഇംപ്ലിമെന്റിംഗ് കമ്മിറ്റി കൺവീനറായി നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാനായ എ. മുഹിയുദ്ധീൻ അലിയെ ചുമതലപ്പെടുത്തി.

Sharing is caring!