റോഡിലിറങ്ങി കുഴികൾ അടച്ചു മഞ്ഞളാംകുഴി അലി എം.എൽ.എ

റോഡിലിറങ്ങി കുഴികൾ അടച്ചു മഞ്ഞളാംകുഴി അലി എം.എൽ.എ

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെയും സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ മഞ്ഞളാം കുഴി അലി എം എൽ എ യുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചു സമരം ചെയ്തു.  മൂർക്കനാട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്. എം.എൽ എ റോഡിലിറങ്ങി കുഴികൾ അടച്ചും റോഡ് റോളർ ഓടിച്ചുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

എട്ട് കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നും 10 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും ഇതിനോടകം ലഭ്യമാക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഇതുവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ചാണ് ബഹുജന സമരം സംഘടിപ്പിച്ചത്.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പറഞ്ഞ് വികസന ആവശ്യങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരിന് ഈ സമരം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. മങ്കട നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി വകുപ്പിന്റെ അധീനതയിലുള്ള അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ വളരെ വലുതാണെന്നറിയാം. ഈ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്രിയെയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെയും സമീപിക്കുകയും 15 ല്‍ അധികം കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കുകയും നിയമസഭ സമ്മേളനം നടക്കുന്ന അവസരങ്ങളിലെല്ലാം സബ്മിഷന്‍, നിയമസഭാ ചോദ്യങ്ങൾ എന്നിവയിലൂടെ സർക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നുവെന്ന് എം എൽ എ പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഈ റോഡ് പൂര്‍ണ്ണമായും ബി.എം. ബി.സി. ചെയ്യുന്നതിന് 18 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. പക്ഷേ 2023-24 ബജറ്റില്‍ 100 രൂപ ടോക്കണ്‍ പ്രൊവിഷന്‍ മാത്രമാണ് സര്‍ക്കാര്‍ വകയിരുത്തിയത്. പക്ഷേ സമ്മർദങ്ങളെ തുടർന്ന് ആദ്യം മൂന്ന് കോടി രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിയ്ക്കുകയും ചെയ്തു. മഴ കാരണം നിർത്തിവച്ച അവശേഷിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ സി.ഐ.ആർ.എഫ് ഫണ്ടിൽ നിന്നും കുളത്തൂരിൽ രണ്ട് പാലം നിർമിക്കുന്നതിന് 10 കോടി അനുവദിച്ചിരുന്നു.

എന്നാല്‍ പൂര്‍ണ്ണമായും ഈ റോഡ് നവീകരിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയില്ലെന്ന് നിയമസഭക്കകത്തും മന്ത്രിയോട് നേരിട്ടും അറിയിച്ചതായി എം എൽ എ പറഞ്ഞു. സമരങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 12ന് അഞ്ച് കോടി രൂപ കൂടി നവീകരണത്തിന് അനുവദിച്ച് പി.ഡബ്ല്യു.ഡി ഉത്തരവ് ഇറക്കിയിരുന്നു. അതിന്റെ ടെണ്ടർ നടപടികൾ പൂര്‍ത്തിയായിട്ടുണ്ട്.

റോഡിന്റെ ശോചനീയാവസ്ഥ മുഴുവനായും പരിഹരിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് എം എൽ എ പറഞ്ഞു. മങ്കട മണ്ഡലം യു ഡി എഫ് ചെയർമാൻ മൊയ്‌ദു മാസ്റ്റർ , മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് , മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ അഡ്വ മൂസക്കുട്ടി , സഹൽ തങ്ങൾ ,കെ പി സാദിഖ് ,അമീർ പാതാരി, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ കെ പി ഹംസ മാസ്റ്റർ , റെനി എബ്രഹാം , ഇസ്ഹാൿ ,സൈഫുദ്ധീൻ , മുജീബ് വെങ്ങാട് , റാഫി എം ടി , അറഫ ഉനൈസ് , ഷഫീഖ് കൊളത്തൂർ , മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം , വൈസ് പ്രസിഡന്റ് ജുവൈരിയ ടീച്ചർ , മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അസ്‌കർ അലി ,ബ്ലോക്ക് മെമ്പർ റഹ്മത്തുന്നീസ , വാർഡ് മെമ്പർമാരായ അബ്ബാസ് വതുക്കട്ടില് , കലമ്പന് വാപ്പു , ജമീല പി ,വിനിത പി ബി നഫ്‌ല ടീച്ചർ ,റജീന കുട്ടിപ്പ, എന്നിവർ സംബന്ധിച്ചു.

Sharing is caring!