അർഹമായ പരി​ഗണന ലഭിക്കാതെ പോകുന്ന അധ്യാപകർക്ക് ആദരവുമായി അബുദാബി മലപ്പുറം ജില്ലാ കെ എം സി സി

അർഹമായ പരി​ഗണന ലഭിക്കാതെ പോകുന്ന അധ്യാപകർക്ക് ആദരവുമായി അബുദാബി മലപ്പുറം ജില്ലാ കെ എം സി സി

അബുദാബി: നിരവധി ആദരവുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പ്രവാസലോകത്ത് വേറിട്ട പരിപാടിയും ആദരവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി. അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്ന അധ്യാപകരെയാണ് ജില്ലാ കെഎംസിസി ആകര്‍ഷകമായ ആദരവൊരുക്കി ശ്രദ്ധേയരാക്കിമാറ്റുന്നത്. പ്രവാസലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ 25 അധ്യാപകരെയാണ് ‘തക് രീം’ എന്ന പേരില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ കെഎംസിസി എഡ്യൂക്കേഷന്‍ വിംഗ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആദരിക്കുന്നത്.

കൂടാതെ കേരളത്തില്‍ സേവനമനുഷ്ടിച്ച ഏതാനും അധ്യാപരെകൂടി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുവെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഇതിനായി പ്രായാധിക്യം വകവെക്കാതെ മൂന്നുപേര്‍ ഇതിനകം നാട്ടില്‍നിന്നെത്തിയിട്ടുണ്ട്. ഹമീദ് മുസ്‌ലിയാർക്കും ശങ്കരൻ മാഷിനും കൗതുകം സമ്മാനിച്ചാണ് ഇവരെ മലപ്പുറം ജില്ലാ കെഎംസിസി അബുദാബിയിൽ എത്തിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, യുഎഇ എഴുത്തുകാരിയും നോവലിസ്റ്റും കഥാകൃത്തുമായ ഫാത്തിമ അല്‍ മസ്രൂഈ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അധ്യാപകര്‍, വിവിധ സ്‌കൂള്‍ പ്രതിനിധികള്‍, പ്രമുഖ സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കെഎംസിസി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കള്‍, തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനവും, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ചു, പ്രബന്ധരചന, വീഡിയോ ആശംസ, ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ ഉണ്ടായിരിക്കും.

തലമുറകള്‍ക്ക് അക്ഷര വെളിച്ചം നല്‍കിയ ഗുരുവര്യര്‍ക്ക് ആദരം നല്‍കുന്ന പരിപാടി വന്‍വിജയമാക്കണമെന്ന് പ്രസിഡന്റ് അസീസ് കാളിയാടന്‍, ടി.കെ. അബ്ദുല്‍ സലാം (സംസ്ഥാന സെക്രട്ടറി) ഷാഹിദ് ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍ (ആക്ടിംഗ് ജനറല്‍ സെക്രട്ടറി), അഷ്റഫ് അലി പുതുക്കുടി (ട്രഷറര്‍) സാല്‍മി പരപ്പനങ്ങാടി (ജനറല്‍ കണ്‍വീനര്‍), നൗഷാദ് തൃപ്രങ്ങോട്, ഹാരിസ് വിപി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!