ലീ​ഗിൽ പ്രവർത്തിച്ചാൽ സ്വർ​ഗം ലഭിക്കുമെന്ന് സാ​ദിഖലി തങ്ങൾ, ലീ​ഗല്ലാത്തവർക്ക് കിട്ടില്ലെയെന്ന് ജലീൽ

ലീ​ഗിൽ പ്രവർത്തിച്ചാൽ സ്വർ​ഗം ലഭിക്കുമെന്ന് സാ​ദിഖലി തങ്ങൾ, ലീ​ഗല്ലാത്തവർക്ക് കിട്ടില്ലെയെന്ന് ജലീൽ

മലപ്പുറം: സ്വർ​ഗം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുസ്ലിം ലീ​ഗിന് കീഴിൽ പ്രവർത്തിക്കുകയെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസം​ഗം വിവാദമാകുന്നു. ഇതിനെതിരെ കെ ടി ജലീൽ അടക്കമുള്ളവർ രം​ഗത്ത് വന്നു.

പല പ്രശ്നങ്ങൾ സമുദായത്തിന് മുന്നിലുണ്ടാകുമ്പോൾ അതിൽ നിന്നെല്ലാം സമുദായത്തിന് തണൽ നൽകാൻ കണ്ണിലെണ്ണയൊഴിച്ച് നിൽക്കുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീ​ഗമെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രതിസന്ധിയിലും പതറാതെ മുന്നോട്ട് പോകണം. നമ്മുടെ നേതാക്കൻമാർ നമ്മളെ ഏൽപിച്ച ഈ ഹരിത പതാകയുടെ തണൽ എന്നുമുണ്ടാകും. അർഷിന്റെ തണലിലേക്ക് വരെ ഈ ഹരിത പതാകയുടെ തണൽ മുസ്ലിം സമുദായത്തെ നയിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുക. അള്ളാഹു നമ്മളെ അനു​ഗ്രഹിക്കട്ടെയെന്നാണ് തങ്ങൾ പ്രസം​ഗിച്ചത്.

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷയെന്ന് കെ ടി ജലീൽ വിമർശിച്ചു.

എസ് കെ എസ് എസ് എഫ് പ്രവർത്തകനും വ്യാപാരിയുമായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

പച്ചക്കൊടിയുടെ തണൽ ദൈവീക സിംഹാസനത്തിൻ്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയിൽ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കിൽ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മൺമറഞ്ഞവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുസ്ലിങ്ങൾക്കാർക്കും പരലോകത്ത് “അർഷി”ൻ്റെ തണൽ കിട്ടില്ലെന്നാണോയെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിൻ്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതിൽ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങൾ തൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേർത്തോ?

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പച്ചക്കൊടിയുടെ തണലില്ലാതെ ജീവിച്ച മൗലാനാ അബുൽകലാം ആസാദിന് “അർഷിൻ്റെ” തണൽ കിട്ടില്ലേ? പച്ചക്കൊടിയുടെ തണലില്ലാതെ പണ്ഡിത സൂര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർക്ക് അർഷിൻ്റെ തണൽ ലഭിക്കുമോ? സി.എൻ അഹമദ് മൗലവിക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? വക്കം മൗലവിക്ക് അർഷിൻ്റെ തണൽ ലഭ്യമാവില്ലേ? ഉള്ളാൾ തങ്ങൾക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് അർഷിൻ്റെ തണൽ ലഭിക്കില്ലേ? സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾക്ക് അർഷിൻ്റെ തണൽ അപ്രാപ്യമാകുമോ? എ.പി അബ്ദുൽഖാദർ മൗലവിക്ക് അർഷിൻ്റെ തണൽ നിഷേധിക്കപ്പെടുമോ?

വിശ്വാസിയായ പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: മുഹമ്മദ് സക്കീറിനെ നിരീശ്വരവാദിയാക്കി എഫ്.ബി പോസ്റ്റിട്ട പ്രമുഖ പണ്ഡിതൻ ഡോ: ബഹാവുദ്ദീൻ നദ് വി സാഹിബ്, സാദിഖലി തങ്ങളുടെ പ്രസ്താവനയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഒരു എഫ്.ബി പോസ്റ്റിട്ടാൽ നന്നായിരുന്നുവെന്നും ജലീൽ പറഞ്ഞു.

Sharing is caring!