സാങ്കേതിക വിദ്യയുടെ തലസ്ഥാനമായി കേരളം മാറും: കെ.എൽ. മോഹനവർമ്മ

കൊച്ചി: നഗരത്തിന്റെ കഥാകാരന്‍ വര്‍മ്മാജി എന്ന കെ.എല്‍. മോഹന വര്‍മ്മ 87 -ാം വയസിലും സജീവമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ പഠിക്കാനും ഏഷ്യന്‍ ഗെയിസിലെ ഇഷ്ടഗെയിമുകള്‍ വിടാതെ കാണാനും സമയം കണ്ടെത്തുന്നുണ്ട് വര്‍മ്മാജി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി തുടങ്ങിയാല്‍ വര്‍മ്മാജി ആവേശഭരിതനാകും. തന്റെ ടീം ജയിക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹമാണ് മോഹന വര്‍മ്മയ്ക്ക്. കഥാകാരന്‍ മാത്രമാണ് താന്‍ എന്ന് അദ്ദേഹം പറയുന്നു. കവിതയോ നിരൂപണമോ ഒന്നും തനിക്ക് വഴങ്ങില്ല. പക്ഷേ കഥയെഴുതാം. ആരെക്കുറിച്ചും എന്തിനെക്കുറിച്ചും.
രാവിലെ മൂന്നിന് തുടങ്ങും വര്‍മ്മാജിയുടെ ഒരു ദിനം. താന്‍ എഴുതുന്നത് ഒന്നും മറ്റുള്ളവര്‍ക്ക് ദോഷകരമായി ഭവിക്കരുതേ എന്ന് ഗാന്ധി ചിത്രത്തിനു മുന്നില്‍ തൊഴുതാണ് വര്‍മ്മാജിയുടെ ദിവസം തുടങ്ങുന്നത്. തുടര്‍ന്ന് ഫ്‌ളാറ്റിന്റെ നേരേ മുന്‍പിലുള്ള എറണാകുളം ശിവക്ഷേത്രത്തിനു നേരേ തൊഴുത ശേഷം ലോക വാര്‍ത്തയുടെ വിശാല നെറ്റ് വര്‍ക്കിലേക്ക്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള വാര്‍ത്തകളും വിവരങ്ങളും വര്‍മ്മാജിയുടെ കംപ്യൂട്ടറിലേക്ക് ഒഴുകിയെത്തും. ഒരു അഞ്ച് മണിയാകുമ്പോഴേക്ക് ലോകത്തിലെ ഏറ്റവും അപ്‌ഡേറ്റഡായ വ്യക്തിയായി വര്‍മ്മാജി മാറും.
കേരളം വിവിധ മേഖലകളില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ മനസോടെ അദ്ദേഹം സ്വാഗതം ചെയ്തു. താന്‍ വളരെ പോസിറ്റീവാണെന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. കഥയെഴുത്തുകാരനായതിനേക്കുറിച്ചും തന്റെ ഇഷ്ടവിഷയങ്ങളായ സ്‌പോര്‍ട്ട്‌സിനേക്കുറിച്ചും ടെക്‌നോളജിയെക്കുറിച്ചുമെല്ലാം അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും മലയാളിയുടെ പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. വരും കാലങ്ങളില്‍ കേരളം സാങ്കേതികവിദ്യയുടെ പ്രധാന കേന്ദ്രമായി, തലസ്ഥാനമായി മാറുമെന്നാണ് വര്‍മ്മാജിയുടെ കാഴ്ചപ്പാട്.
1936 ല്‍ ജൂലൈയില്‍ ചേര്‍ത്തലയില്‍ ജനനം. ഹരിപ്പാട് മുന്‍സിഫ് കോടതിയിലായിരുന്നു അച്ഛന്‍. തിരുവനന്തപുരത്തും ആലപ്പുഴയിലും കോളേജ് വിദ്യാഭ്യാസം. അക്കൗണ്ട്സില്‍ ബിരുദം. മാനേജ്മെന്റിലും മറ്റു പല വിഷയങ്ങളിലും ഡിപ്ലോമകളും ട്രെയിനിംഗും. 19 ാം വയസില്‍ ഓഡിറ്റ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഗ്വാളിയോറിലായിരുന്നു കുറേ വര്‍ഷങ്ങള്‍. വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി. കേന്ദ്ര ഗവണ്മെന്റ് സര്‍വീസില്‍ നിന്നും വോളന്ററി റിട്ടയര്‍മെന്റ് 1979 ല്‍. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നെങ്കിലും സ്‌പോര്‍ട്ട്‌സിലായിരുന്നു കമ്പം. തിരുവനന്തപുരത്ത് വിജെടി ഹാളില്‍ നടന്ന ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ പ്രദര്‍ശന മത്സരത്തില്‍ ദേശീയ ചാംപ്യനായിരുന്ന സീസുചുവുമായി കളിക്കാന്‍ അവസരം കിട്ടി. ആ മത്സരത്തിന് ലഭിച്ച ആസ്വാകരുടെ പിന്തുണയും കരഘോഷവും വലിയ ആവേശമായി. സ്‌പോര്‍ട്ട്‌സ് ആണ് മേഖലയെന്ന് ഉറപ്പിച്ചു. അങ്ങനെ സ്‌പോര്‍ട്ട്‌സിന്റെ ആരാധകനായി.
30 -ാം വയസിലാണ് കഥയെഴുതി തുടങ്ങിയത്. കഥയെഴുതി മാതൃഭൂമിക്ക് അയച്ചുകൊടുത്തു. അത് പ്രസിദ്ധീകരിക്കാതെ തിരിച്ചുവന്നു. കഥ എഴുതിക്കഴിഞ്ഞപ്പോള്‍ പ്രത്യേക രസം തോന്നി. കഥയെഴുത്തില്‍ പ്രത്യേക താല്‍പര്യവുമുണ്ടായി. വീണ്ടും കഥയെഴുതി മാതൃഭൂമിക്കും നേരത്തേ തിരിച്ചുവന്ന കഥ മലയാളരാജ്യത്തിനും അയച്ചു. രണ്ടാമത്തെ കഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമിയിലും മലയാളരാജ്യത്തിലും കഥ പ്രസിദ്ധീകരിച്ചുവന്നതോടെ കഥയെഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അനുഭവങ്ങള്‍ക്ക് ശേഷമായിരുന്നു ഞാന്‍ എഴുതി തുടങ്ങിയത്. മറ്റുള്ളവര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച ശേഷം അനുഭവം അതില്‍ ചേര്‍ക്കുകയായിരുന്നു. കഥ പറച്ചിലുകാരന്‍ മാത്രമാണ് ഞാന്‍. കവിതയോ നിരൂപണമോ എഴുതാറില്ല. എഴുതാനാഗ്രഹിക്കുന്നവരോട് പറയാനുള്ളതും അതാണ്-നിങ്ങളുടെ അഭിരുചി കണ്ടെത്തുക. അത്തരക്കാര്‍ക്ക് മാത്രമേ അനുദിനം മാറുന്ന കാലത്ത് നിലനില്‍പ്പുള്ളൂ.
സാഹിത്യഅക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് പത്രത്തിലേക്ക് വരുന്നത്. വീക്ഷണം പത്രം പുനരുജ്ജീവിപ്പിക്കുന്ന സമയത്ത് എ.കെ. ആന്റണിയും കെ. കരുണാകരനും ചേര്‍ന്ന് പത്രാധിപരായി നിയോഗിച്ചു. റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടില്ല. ആകെ ഒരു ഇന്റര്‍വ്യൂ മാത്രമേ ചെയ്തിട്ടുള്ളൂ. അത് കെ. കരുണാകരന്റെ ആയിരുന്നു. 2005 സെപ്തംബര്‍ 14 മുതല്‍ 2010 ഡിസംബര്‍ 31 വരെ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപര്‍. 75 -ാം വയസില്‍ പത്രത്തില്‍ നിന്ന് രാജിവെച്ചു. നോവല്‍ ടു ഡെ, സൈഫണ്‍ (ഇംഗ്ലീഷ്) ഇവയുടെ മുഖ്യപത്രാധിപര്‍, പൂമ്പാറ്റ, അമര്‍ ചിത്രകഥാ മാസികകളുടെ പത്രാധിപര്‍. മലയാളം ലിറ്റററി സര്‍വെ (ഇംഗ്ലീഷ്), സാഹിത്യ ചക്രവാളം, സാഹിത്യലോകം ഇവയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷില്‍ രണ്ടു ഡോക്കുമെന്ററികളും മലയാളത്തില്‍ ഒരു കുട്ടികളുടെ സിനിമയും നാലു പരസ്യ ചിത്രങ്ങളും എടുത്തിട്ടുണ്ട്. മലയാളത്തില്‍ 65 പുസ്തകങ്ങള്‍. ഇംഗ്ലീഷില്‍ 2 നോവലുകള്‍. അമേരിക്കന്‍ യൂണിവഴ്സിറ്റികളിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രാസംഗികന്‍. ചമ്പല്‍, ഓഹരി, ക്രിക്കറ്റ്, ഫ്രം വര്‍മ്മാജി വിത്ത് ലൗ തുടങ്ങിയവ വര്‍മ്മാജിയുടെ പ്രമുഖ കൃതികളാണ്.
1994 മുതല്‍ എഴുത്തിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. 2011 മുതല്‍ വായനയും ഓണ്‍ലൈനാക്കി. കടലാസ് ഉപയോഗിക്കാറില്ല. സാങ്കേതികവിദ്യയുടെ ആരാധകനായ വര്‍മ്മാജി നിര്‍മ്മിത ബുദ്ധിയടക്കമുള്ള നൂതന അറിവുകള്‍ ഇന്നും പഠിച്ചുകൊണ്ടേയിരിക്കുന്നു.
കേരളത്തെക്കുറിച്ച് വര്‍മ്മാജി ഏറെ അഭിമാനിക്കുന്നത് എവിടെ പോയാലും തിരികെ വീട്ടിലേക്ക് വരാനുള്ള മലയാളിക്ക് മാത്രമുള്ള പ്രത്യേകതയാണ്. ഹോം ലവിംഗ് സ്വഭാവം മലയാളിക്കുള്ളതു പോലെ മറ്റാര്‍ക്കുമില്ല. വീട്, സ്ഥലം നമ്മുടെ ചുറ്റുപാട് എന്നിവയെക്കുറിച്ച് അഭിമാനമുള്ള മറ്റൊരു സമൂഹമില്ല. അതുപോലെ ഇത്രയധികം പോസിറ്റീവ് മനോഭാവമുള്ളവരുെട നാട് എവിടെയും കാണാനാകില്ല.
കേരള വലിയ തോതില്‍ മാറി. കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്. ലോകത്തെവിടെച്ചെന്നാലും മലയാളികളുണ്ടാകും. നമ്മുടെ സ്ത്രീകള്‍-നഴ്‌സുമാര്‍- ലോകത്തെല്ലായിടത്തും ജോലി ചെയ്യുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
മികച്ച സ്‌കൂളുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യമേഖലയിലെ മികവ് ഇവയെല്ലാം കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ മാതൃകാ സംസ്ഥാനമാക്കുന്നു. മലയാളിക്ക് എവിടെയും ഒരു സ്ഥാനം ലഭിക്കാറുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കുമ്പോള്‍ ആരാ കളിക്കുന്നത് എന്ന് നാം ചിന്തിക്കാറില്ല. കേരളത്തിന്റെ ടീമാണത്. ആ വികാരമാണ് നമ്മെ നയിക്കുന്നത്.
ഭാവി കേരളത്തെക്കുറിച്ച് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്വപ്‌നമാണ് വര്‍മ്മാജിക്കുള്ളത്. സിംഗപ്പൂര്‍ കഴിഞ്ഞാല്‍ സാങ്കേതികവിദ്യയുടെ പ്രധാന കേന്ദ്രമായി കേരളം മാറും. വലിയ ഉപഭോക്തൃ കേന്ദ്രമായി മാറും. സിംഗപ്പൂരിനേപ്പോലെ വലിയ സിറ്റി സ്‌റ്റേറ്റായി മാറാനുള്ള സാധ്യത ഏറെയാണ് കേരളത്തിന്. എയര്‍പോര്‍ട്ടുകളും അടിസ്ഥാന സൗകര്യങ്ങളും മികച്ച വിഭവശേഷിയും ഇവിടെയുണ്ട്. വിചാരിക്കുന്നതിനേക്കാള്‍ നാം വലിതായിക്കഴിഞ്ഞു. ഈ മുന്നേറ്റത്തിന് അനുകൂലമായ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു. നയങ്ങളല്ല, അത് നടപ്പാക്കുന്നതിലെ പ്രശ്‌നമാണ് പലപ്പോഴും തടസം സൃഷ്ടിക്കാറുള്ളത്. എങ്കിലും നിരവധി പ്രശ്‌നങ്ങളെ അതിജീവിച്ച് നാം മുന്നോട്ട് പോവുകയാണ്.
പൊതുവിഷയങ്ങളല്ലാതെ ഗൗരവ വായന കുറയുകയാണോ എന്ന സന്ദേഹം വര്‍മ്മാജിക്കുണ്ട്. പാഠ്യവിഷയങ്ങളല്ലാതെ മറ്റു പുസ്തകങ്ങള്‍ വായിക്കുന്നവര്‍ കുറയുന്നു. പക്ഷേ അത് ഒരു പ്രശ്‌നമായി വര്‍മ്മാജി കാണുന്നില്ല. അറിവു നേടാനും വിനോദത്തിനും ഇന്ന് കൂടുതല്‍ ഉപാധികളുണ്ടെന്ന് വര്‍മ്മാജി പറയുന്നു. ഇതുവരെ താന്‍ ആശുപത്രിയില്‍ പോയിട്ടില്ല. പണ്ട് ഫുട്ബാള്‍ കളിക്കിടെ മുട്ടിന് പരിക്ക് പറ്റിയതിന്റെ വേദന ഇടയ്ക്കിടെ അലട്ടാറുണ്ട്. ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധയുണ്ട്. ദിവസവും വൈകിട്ട് ഭക്ഷണ ശേഷം ഒരു സിനിമ കാണും. അത് നിര്‍ബന്ധമാണ്.
പലപ്പോഴും ഒരു നല്ല വാക്ക് വലിയ സാന്ത്വനമാണ് നല്‍കുന്നതെന്ന് പറഞ്ഞാണ് വര്‍മ്മാജി യാത്രയാക്കിയത്. എപ്പോഴും ചിരിച്ച്് സന്തോഷത്തോടെയിരിക്കാനാണ് വര്‍മ്മാജിക്കിഷ്ടം. കൊച്ചിയുടെ സുഹൃദ് വലയങ്ങളിലും സാഹിത്യ സദസുകളിലും സജീവമായ മോഹനവര്‍മ്മ തന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ്. ടെക്കി സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ കാത്തുനില്‍ക്കുന്നുണ്ട് എഐ സാങ്കേതികവിദ്യയുടെ ലേറ്റസ്റ്റ് അപ്‌ഡേഷനുകളുമായി.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]