ജില്ലയിൽ 600 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; 14 ലക്ഷം പിഴ ചുമത്തി

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 രൂപയാണ് പിഴയായി ഈടാക്കിയത്. മഞ്ചേരി 1,27,750, മലപ്പുറം 1,04,000, പെരിന്തൽമണ്ണ 1,90,000, വളാഞ്ചേരി ഒരു ലക്ഷം, താനൂർ 89,000, പരപ്പനങ്ങാടി 77,500, തിരൂർ 1,85,000, പൊന്നാനി 2,20,000, കൊണ്ടോട്ടി 85,000, കോട്ടക്കൽ 95,000, തിരൂരങ്ങാടി 1,30,000 എന്നിങ്ങനെയാണ് പിഴത്തുക.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പിഴ ചുമത്തിയതിന് ശേഷവും നിയമലംഘനം തുടർന്നാൽ പിഴത്തുക ഇരട്ടിയാക്കുകയും ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിലവിലുള്ളവ ഹരിത കർമ്മസേനക്ക് കൈമാറണമെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]