മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് ഇടപെടൽ

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് ഇടപെടൽ

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു. നിലവിലെ ജീവനക്കാരൻ വിരമിക്കുന്ന ഘട്ടത്തിലും പല കാരണങ്ങൾ നിരത്തിയും കൗണ്ടർ ഓഫീസ് നിർത്താനുള്ള നീക്കം നടക്കുകയും അതിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുകയും ഒപ്പ് ശേഖരണം നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും റെയിൽവെ ടിക്കറ്റ് കൗണ്ടർ സേവനം മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ദിനേന നൂറിലധികം യാത്രക്കാർ ട്രെയ്ൻ ടിക്കറ്റിനായി മലപ്പുറത്തെ ഈ ഓഫീസിനെയാണ് ആശ്രയിക്കുന്നത്. സ്വദേശികളും ഇതര സംസ്ഥാന തൊഴിലാളികളടക്കം ടിക്കറ്റ് എടുക്കുന്ന ഈ കേന്ദ്രത്തിന്റെ ഭാഗമായി വലിയ ലാഭം റയിൽവെക്ക് ലഭിക്കുന്നതിനാൽ നിരത്തുന്ന നഷ്ടത്തിന്റെ ന്യായം തെറ്റാണ്. മാത്രമല്ല ജീവനക്കാരന്റെ അപര്യാപ്തത പറഞ്ഞ് ഒരു പ്രദേശത്തിന് ലഭിക്കുന്ന സേവനം നിർത്തലാക്കുന്നതും അനീതിയാണ്. ഇത് തിരുത്തണമെന്നും ടിക്കറ്റ് കൗണ്ടർ മുഴുവൻ ദിവസം പ്രവർത്തനക്ഷമമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്, നേട്ടം സ്വന്തമാക്കാൻ ബി ജെ പിയും ലീ​ഗും

നേരത്തെ മലപ്പുറം എം.പി അബ്ദുസമദ് സമദാനി എം.പി മന്ത്രി തലത്തിൽ നടത്തിയ ഇടപെടലും മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ജില്ലാ ഭരണകൂടത്തോട് കേന്ദ്രം പൂർവ്വസ്ഥിതിയിൽ നില നിർത്തുന്നതിന് നഗരസഭയുടെ സഹായവും സന്നദ്ധതയും അറിയിച്ചതിനെയും യൂത്ത് ലീഗ് ഡിവിഷണൽ മാനേജറെ ശ്രദ്ധയിൽപ്പെടുത്തി. പൂർവ്വ സ്ഥിതിയിലാവും വരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും മലപ്പുറത്തെ ടിക്കറ്റ് കൗണ്ടർ സേവനം നിർത്തിലെന്നും അദ്ദേഹം ഉറപ്പ് നൽകി . മാത്രമല്ല അവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിലൂടെ എല്ലാ ദിവസവും ടിക്കറ്റ് കൗണ്ടർ പ്രവത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തോട് അടക്കം വേണ്ട ചർച്ചകളും ഇടപെടലുകളും നടത്തുമെന്നും റയിൽവെ ഡിവിഷണൽ മാനേജർ ഡോ. അരുൺ തോമസ് കലാത്തിക്കൽ ഐ.ആർ.ടി.എസ് നിവേദക സംഘത്തിന് ഉറപ്പ് നൽകി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ്, വൈസ് പ്രസിഡന്‍റുമാരായ ഹുസൈൻ ഉള്ളാട്ട്, സലാം വളമംഗലം, സെക്രട്ടറിമാരായ ശിഹാബ് അരീക്കത്ത് , ശിഹാബ് തൃപ്പനച്ചി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!